രേണുകസ്വാമി വധക്കേസ്; ഗൂഢാലോചനയില്‍ പങ്കെടുത്തത് ദര്‍ശനും പവിത്രയുമടക്കം 17 പേര്‍,പ്രതികള്‍ക്ക് ദര്‍ശന്‍ 50 ലക്ഷം നല്‍കി

സ്വാമിയെ അടിക്കാന്‍ ദര്‍ശന്‍ ഉപയോഗിച്ച തുകല്‍ ബെല്‍റ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

Update: 2024-06-19 08:12 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു: രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ്. രേണുക സ്വാമിയെ ചിത്രദുർഗ ജില്ലയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നത് ഉൾപ്പെടെ, ക്രൂരമായ കുറ്റകൃത്യത്തിൻ്റെ ആസൂത്രണത്തിലും നിർവ്വഹണത്തിലും ഉൾപ്പെട്ട നാലുപേർക്ക് കേസിലെ രണ്ടാം പ്രതി കൂടിയായ ദര്‍ശന്‍ 50 ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, മൃതദേഹം സംസ്കരിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി പ്രദോഷ് (പവൻ) എന്നയാൾക്ക് നൽകിയ 30 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടുന്നു.നിഖിലിനും കേശവമൂർത്തിക്കും 5 ലക്ഷം രൂപ വീതം നല്‍കി. വ്യാജ കുറ്റസമ്മതം നടത്തി ജയിലിൽ പോയ രാഘവേന്ദ്ര, കാർത്തിക് എന്നീ രണ്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകിയിട്ടുണ്ട്.

Advertising
Advertising

ദര്‍ശന്‍റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 8നാണ് ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. സ്വാമിയെ അടിക്കാന്‍ ദര്‍ശന്‍ ഉപയോഗിച്ച തുകല്‍ ബെല്‍റ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

രേണുക സ്വാമിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഷെഡിൽ നിന്ന് രക്തക്കറയുടെ സാമ്പിളുകളും മുടിയിഴകളും കാറില്‍ നിന്ന് ഇതുവരെ തിരിച്ചറിയാത്ത ദ്രാവകവും പൊലീസ് ശേഖരിച്ചു.ഷെഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് കാറുകൾ പൊലീസ് കണ്ടെത്തിയത്. ഒന്ന് ദര്‍ശന്‍റേതാണെന്നാണ് സംശയം. രേണുക സ്വാമിയെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന ഒരു കാർ പിന്നീട് ചിത്രദുർഗ ജില്ലയിലെ അയ്യനഹള്ളി ഗ്രാമത്തിൽ നിന്ന് കണ്ടെത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News