'ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിൽ ഗോധ്ര ട്രെയിനിലെ തീപിടിത്തം​ ​ ഒഴിവാക്കാമായിരുന്നു'; പൊലീസുകാരെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി

ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 2005ലാണ് പൊലീസുകാരെ സർവീസിൽ നിന്ന് നീക്കം ചെയ്തത്.

Update: 2025-05-04 11:38 GMT
Editor : rishad | By : Web Desk

അഹമ്മദാബാദ്: ഗോധ്ര ട്രെയിനിന്​​ തീപിടിച്ച കേസുമായി ബന്ധപ്പെട്ട് സബര്‍മതി എക്സ്പ്രസില്‍ ജോലിയുണ്ടായിരുന്ന ഒമ്പത് പൊലീസുകാരെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. ഇവര്‍ ജോലിയിലുണ്ടായിരുന്നെങ്കിൽ ഗോധ്ര സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഓടുന്ന ട്രെയിനുകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച മൊബൈൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു പൊലീസുകാര്‍. 2002 ഫെബ്രുവരി 27ന്, ദാഹോദിൽ നിന്ന് അഹമ്മദാബാദ് സ്റ്റേഷനിലേക്കുള്ള സബർമതി എക്സ്പ്രസ് ട്രെയിനിലായിരുന്നു പൊലീസുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ട്രെയിന്‍ വൈകുമെന്ന് കരുതി അവര്‍ മറ്റൊരു ട്രെയിനില്‍ കയറുകയായിരുന്നു.

Advertising
Advertising

അന്നേ ദിവസമാണ് എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ച് അഗ്നിക്കിരയാകുന്നത്. 58 പേരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറുന്നത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഈ പൊലീസുകാരെ 2005ലാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ഹരജി തള്ളിക്കളയുന്നത്. ഡ്യൂട്ടിയില്‍ അശ്രദ്ധയാണ് കാണിച്ചതെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് റെയിൽവേ പൊലീസിലെ കോൺസ്റ്റബിൾമാരായിരുന്നു ഈ ഒമ്പത് പൊലീസുകാർ.

അതേസമയം കോടതിയെ സമീപിക്കുന്നതിന് മുമ്പ് വിവിധ സർക്കാർ അധികാരികൾക്ക് മുമ്പാകെ ഇവര്‍ അപ്പീൽ നൽകിയിരുന്നു. അതിനിടെ ഇവരിൽ രണ്ടു പേർ മരിച്ചു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News