Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: മഹാരാഷ്ട്രയിൽ 21കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാംനർ സ്വദേശിയായ സുലൈമാൻ റഹിം ഖാനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ജാംനർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം.
യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച അമ്മയേയും സഹോദരിയേയും ആൾക്കൂട്ടം മർദിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യുവാവിനെ കയ്യിൽ കിട്ടിയതെല്ലാം വച്ച് ആക്രമിച്ച് വലിച്ചിഴച്ച് ഒരു വാഹനത്തിൽ കയറ്റുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ട് ചെന്ന് മർദിക്കുകയും ചെയ്ത ശേഷം രാത്രി വൈകി വീടിന് മുന്നിൽ കൊണ്ടിടുകയായിരുന്നു.
കമ്പുകളും ഇരുമ്പ് ദണ്ഡുകളും കൈകളും ഉപയോഗിച്ചായിരുന്നു മർദ്ദനം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായതിന് പിന്നാലെ പൊലീസിൽ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു 21കാരൻ. ആക്രമണത്തിനിരയായ ദിവസമാണ് ജാംനർ പൊലീസ് സ്റ്റേഷനിൽ തന്റെ അപേക്ഷ യുവാവ് സമർപ്പിച്ചത്.