നോയിഡയിൽ ട്രെയിനി ഡോക്ടർ 21-ാം നിലയിൽ നിന്ന് ചാടി മരിച്ചു
ഞായറാഴ്ചയാണ് ശിവ ഗ്രേറ്റര്‍ നോയിഡയിലെത്തുന്നത്
Shiva Photo| Special Arrangement
നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ ട്രെയിനി ഡോക്ടർ 21-ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഥുര സ്വദേശിയായ ശിവയാണ്(29) മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാൾ ഗൗർ സിറ്റി 14-ാം അവന്യൂവിലുള്ള ഒരു റസിഡൻഷ്യൽ ടവറിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഞായറാഴ്ചയാണ് ശിവ ഗ്രേറ്റര്‍ നോയിഡയിലെത്തുന്നത്. ഗൗർ സിറ്റി 2 ൽ സഹോദരിയെ കാണാൻ മാതാപിതാക്കളോടൊപ്പം എത്തിയ ശിവ, ഉച്ചയോടെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ബാൽക്കണിയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ശിവ 2015 ലെ എംബിബിഎസ് ബാച്ച് വിദ്യാർഥിയായിരുന്നു. ഒരു സ്വകാര്യ കോളജിൽ നിന്നാണ് ബിരുദം നേടിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 2020ൽ കോവിഡ് മഹാമാരിയുടെ സമയത്ത് ശിവക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശീലനം നിര്‍ത്തിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സെപ്തംബര്‍ 15ന് ബെംഗളൂരുവിലും സമാന സംഭവമുണ്ടായി. വ്യോമസേന എഞ്ചിനീയറും ഹലസുരു മിലിട്ടറി ക്വാർട്ടേഴ്‌സിലെ താമസക്കാരനുമായ ലോകേഷ് പവൻ കൃഷ്ണ (25) പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിലെ ഒരു ബഹുനില അപ്പാർട്ട്മെന്‍റിന്‍റെ 24-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്ന കൃഷ്ണ ഞായറാഴ്ച വൈകുന്നേരം സഹോദരി ലക്ഷ്മിയെ കാണാൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നും സഹോദരിയുമായുള്ള തർക്കത്തെത്തുടർന്ന് 24-ാം നിലയിൽ നിന്ന് ചാടിയെന്നുമാണ് പൊലീസ് പറഞ്ഞത്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആത്മഹത്യ പ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ് ഹെൽപ് ലൈനിലോ (14416 ) ബന്ധപ്പെടുക