ജിവിത്പുത്രിക ഉത്സവം; ബിഹാറിൽ നദികളിൽ സ്നാനത്തിനിടെ 37 കുട്ടികളടക്കം 46 പേർ മുങ്ങിമരിച്ചു

ഔറം​ഗാബാദിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

Update: 2024-09-27 13:09 GMT

പട്ന: ബിഹാറിൽ 'ജിവിത്പുത്രിക' ഉത്സവത്തിനിടെ നദികളിലും കുളങ്ങളിലും സ്നാനം നടത്തുന്നതിനിടെ 37 കുട്ടികളടക്കം 46 പേർ മുങ്ങി മരിച്ചു. സംസ്ഥാനത്തെ 15 ജില്ലകളിൽ കഴിഞ്ഞദിവസം നടന്ന പുണ്യസ്നാനത്തിനിടെയായിരുന്നു കൂട്ടമരണം. മരിച്ചവരിൽ 43 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. 

മൂന്ന് ദിവസത്തെ 'ജിവിത്പുത്രിക' ഉത്സവത്തിൽ സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി വ്രതം അനുഷ്ഠിക്കുകയും പുണ്യസ്നാനം നടത്തുകയുമാണ് ചെയ്യുന്നത്. 'നഹായ് ഖായ്' എന്ന പേരിലറിയപ്പെടുന്ന പുണ്യസ്നാനത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുട്ടികളെയും ഈ പുണ്യസ്നാനം ചെയ്യിക്കാറുണ്ട്. 

Advertising
Advertising

ഔറം​ഗാബാദിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. സരണിൽ നാല് പേരും മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. സഹായവിതരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും എട്ട് പേരുടെ കുടുംബാം​ഗങ്ങൾക്ക് തുക ലഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.

ഈസ്റ്റ് ചംപാരൻ, വെസ്റ്റ് ചംപാരൻ, നളന്ദ, ഔറം​ഗാബാദ്, കൈമൂർ, ബുക്സർ, സിവാൻ, റോഹ്താസ്, സരൺ, പട്ന, വൈശാലി, മുസഫർപൂർ, സമസ്തിപൂർ, ​ഗോപാൽകഞ്ച്, അർവാൽ ജില്ലകളിലാണ് മുങ്ങിമരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, സംഭവം ആശങ്കാജനകമാണെന്നും പറഞ്ഞു.

അതേസമയം, നദികളുടെ എല്ലാ കടവുകളിലും ഭരണകൂടം മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. ജനജീവിതത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഒട്ടും ആശങ്കയില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഔറംഗബാദ് ജില്ലയിലെ ബറൗൺ ബ്ലോക്കിലെ ഇത്താട്ട് ഗ്രാമവാസിയായ മനോരഞ്ജൻ സിങ്ങിന് തന്റെ 10 വയസുള്ള മകളെയാണ് നഷ്ടമായത്. കുളത്തിൽ സ്നാനം നടത്തുന്നതിനിടെയാണ് പെൺകുട്ടി മരിച്ചത്. എല്ലാം പെട്ടെന്നായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.

'അതെങ്ങനെ സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല... സംഭവം നടക്കുമ്പോൾ എൻ്റെ ഭാര്യ കടവിൽ ചടങ്ങുകൾ നടത്തുകയായിരുന്നു. മകൾ കുളത്തിൽ മുങ്ങിക്കുളിക്കുകയായിരുന്നു. പെട്ടെന്ന് അവൾ അപ്രത്യക്ഷയായി... ഒടുവിൽ അവൾ മരണത്തിന് കീഴടങ്ങി'- അദ്ദേഹം വിശദമാക്കി. 2023ൽ സംസ്ഥാനത്ത് ‘ജിവിത്പുത്രിക’ ആഘോഷത്തിനിടെ 22 പേർ മരിച്ചിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News