ഗുജറാത്തിലും ചുവടുറപ്പിക്കാൻ എഎപി; തിരംഗാ യാത്രക്കായി കെജ്‌രിവാളും ഭഗവന്ത് മാനും അഹമ്മദാബാദിൽ

ഇന്ന് സബർമതി ആശ്രമം സന്ദർശിക്കുന്ന നേതാക്കൾ തുടർന്ന് രണ്ട് കിലോ മീറ്റർ ദൂരം റോഡ്‌ഷോയിൽ പങ്കെടുക്കും. 'തിരംഗാ യാത്ര' എന്ന പേരിലാണ് റോഡ്‌ഷോ സംഘടിപ്പിക്കുന്നത്.

Update: 2022-04-02 07:20 GMT

ന്യൂഡൽഹി: പഞ്ചാബിലെ ചരിത്രവിജയത്തിന് പിന്നാലെ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. 1995 മുതൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷ ശബ്ദമായാൽ നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എഎപി. ശനിയാഴ്ച മുതൽ നിരവധി പരിപാടികളാണ് ഗുജറാത്തിൽ പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഇന്ന് സബർമതി ആശ്രമം സന്ദർശിക്കുന്ന നേതാക്കൾ തുടർന്ന് രണ്ട് കിലോ മീറ്റർ ദൂരം റോഡ്‌ഷോയിൽ പങ്കെടുക്കും. 'തിരംഗാ യാത്ര' എന്ന പേരിലാണ് റോഡ്‌ഷോ സംഘടിപ്പിക്കുന്നത്. നാളെ അഹമ്മദാബാദിലെ സ്വാമിനാരായൺ ക്ഷേത്രത്തിലും നേതാക്കൾ സന്ദർശനം നടത്തും.

Advertising
Advertising

കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ ഡൽഹിയിലെ വസതിക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് ഗുജറാത്തിലെ എഎപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ 182 അസംബ്ലി സീറ്റുകളിലും മത്സരിക്കുമെന്ന് കെജ്‌രിവാൾ കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എഎപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 31 താലൂക പഞ്ചായത്ത് സീറ്റുകളും ഒമ്പത് മുൻസിപ്പാലിറ്റി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും അടക്കം 42 സീറ്റുകൾ എഎപി നേടിയിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിൽപോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത്തവണ വളരെ നേരത്തെ തന്നെ പ്രചാരണം ആരംഭിക്കാനാണ് പാർട്ടിയുടെ തീരുമാനം. ബിജെപിയും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ ബിജെപി റാലി നടത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News