വീ കെയര്‍...; പ്രസവിച്ചയുടൻ മാതാവ് തെരുവിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് രാത്രി മുഴുവന്‍ കാവലായി നിന്നത് തെരുവുനായകൾ
കൊടുംതണുപ്പിൽ ടോല്റ്റിന് പുറത്ത് ഒരു പുതപ്പുപോലുമില്ലാതെയായിരുന്നു ആ ആൺകുഞ്ഞ് കിടന്നിരുന്നതെന്ന് സമീപവാസി പറയുന്നു
AI create image
create image
നാദിയ: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപിലെ താമസക്കാർ കഴിഞ്ഞദിവസം എഴുന്നേറ്റത് ഒരു അവിശ്വസനീയമായ കാഴ്ചയിലേക്കായിരുന്നു. റെയിൽവെ തൊഴിലാളികൾ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നിൽ പുലർച്ചെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചിൽ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോൾ കുറേ തെരുവ് നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നു. അവർക്കുള്ളിൽ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോൾ നായ്ക്കൾ അനുസരണയോടെ മാറിക്കൊടുത്തു. വെറും തറയിൽ കൊടുംതണുപ്പിൽ ഒരു പുതപ്പുപോലുമില്ലാതെയായിരുന്നു ആ ആൺ കുഞ്ഞ് കിടന്നിരുന്നത്. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയിൽ ആ കുഞ്ഞിനെ വാരിയെടുത്ത് അവർ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗർ സദർ ആശുപത്രിയിലേക്ക് മാറ്റി.കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടർമാർ പറയുന്നു.
കുഞ്ഞിന് കാവൽ നിന്നിരുന്ന തെരുവ് നായ്ക്കൾ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവർ രാവിലെയാകുന്നത് വരെ കാവൽ നിൽക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നും ആട്ടിയോടിക്കുന്ന നായ്ക്കളാണ് ഇവർ. എന്നാൽ ആ പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികൾ കാണിച്ചു...റെയിൽവെ ജീവനക്കാരൻ പറയുന്നു.
സംഭവത്തിൽ പൊലീസും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുത്തു.