ബിഹാറിലെ ഗോപാല്‍ ഖേംക കൊലപാതകക്കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജൂലൈ നാലിനാണ് പ്രമുഖ്യ വ്യവസായിയും ബിജെപി നേതാവുമായ ഖേംക വീടിന് പുറത്ത് വെച്ച് വെടിയേറ്റ് മരിച്ചത്

Update: 2025-07-08 07:03 GMT
Editor : Lissy P | By : Web Desk

പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംകയുടെ കൊലപാതകക്കേസിലെ പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെ പറ്റ്നയിലെ മാല്‍സലാമി പ്രദേശത്ത് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വികാസ് എന്ന രാജ  വെടിയേറ്റു മരിച്ചതായി പൊലീസ് അറിയിച്ചു.

ഖേംകയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇയാളാണ് നല്‍കിയതെന്നും കേസിലെ മുഖ്യപ്രതിയായ ഉമേഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ഗോപാൽ ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പൊലീസ് സംഘം രാജയുടെ വീട്ടിലെത്തിയപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്.കേസിലെ പ്രധാന പ്രതിയായ ഉമേഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ കൊലയാളിയെ വാടകക്കെടുത്തയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertising
Advertising

കൊല്ലപ്പെട്ട വികാസ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് നടന്നവെടിവപ്പില്‍ ഇയാള്‍ക്ക് വെടിയേല്‍ക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നു. ഇയാള്‍ അനധികൃതമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗോപാല്‍ ഖേംകയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഇയാളില്‍ നിന്ന് ലഭിച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് പറ്റ്ന എസ്പി കാർത്തികേ ശർമ്മയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

10 ലക്ഷം രൂപക്കായി കൊലപാതകം ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതില്‍ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും പിടിയിലായ മുഖ്യപ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നദിക്കരയില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ബൈക്ക്, പിസ്റ്റൾ, 80 വെടിയുണ്ടകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ലക്ഷം രൂപ എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഖേംകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പ്രതികളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തതായി ബിഹാർഡിജിപി വിനയ് കുമാർ തിങ്കളാഴ്ച പറഞ്ഞിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പറ്റ്നയിലെ വീടിന് പുറത്തുവെച്ച് തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ പ്രതി ഗോപാല്‍ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. വെടിവെച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാൽ മരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഖേംകയുടെ മകനും ആറ് വർഷം മുൻപ് സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. .2018 ഡിസംബറിൽ ഫാക്ടറിയുടെ ഗേറ്റിൽ വെച്ചാണ് ഇദ്ദേഹത്തിന്‍റെ മകൻ ഗുഞ്ചൻ ഖേംകയും സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News