ക്യാപ്റ്റന് വിട; നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Update: 2023-12-28 03:55 GMT

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ മരണവാർത്ത സ്ഥിരീകരിച്ചത്.

കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിയോഗം.

Advertising
Advertising

1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജർ' എന്നും 'ക്യാപ്റ്റൻ' എന്നുമാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005-ലാണ് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി വിജയകാന്ത് രൂപീകരിച്ചത്. 2006-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽനിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News