Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ കന്നട ചലച്ചിത്ര നടി രന്യ റാവുവിന് 102 കോടി രൂപ പിഴ. കേസില്‍ നടിക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 102 കോടി രൂപ പിഴ ചുമത്തിയതായി ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കും 50 കോടിയിലധികം രൂപ പിഴ ചുമത്തി.
ബംഗളൂരു സെന്‍ട്രല്‍ ജയിലിലുള്ള നടിക്കും മറ്റുള്ളവര്‍ക്കും 2500 പേജുള്ള പിഴ നോട്ടീസ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇന്ന് നല്‍കി. 14.2 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് നാലാം തീയതിയാണ് രന്യ ബംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായത്. ദുബായില്‍ നിന്ന് മടങ്ങിയെത്തുന്ന സമയത്താണ് നടി പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.
കേസിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെടുന്നുണ്ട്. 72.6 കിലോഗ്രാം സ്വർണം കടത്തിയതിന് തരുൺ കൊണ്ടൂരു രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി 62 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 63.61 കിലോഗ്രാം സ്വർണം കടത്തിയതിന് കുറ്റക്കാരായ സാഹിൽ ജെയിനും ഭരത് ജെയിനും 53 കോടി രൂപ വീതം പിഴ അടയ്ക്കാൻ കോടതി വിധിച്ചു.
കേസുമായി ബന്ധപ്പെട്ട കോഫെപോസ (വിദേശ വിനിമയ സംരക്ഷണവും കള്ളക്കടത്ത് തടയൽ പ്രവർത്തന നിയമവും) ഹരജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുകയും സെപ്റ്റംബർ 11 ലേക്ക് മാറ്റുകയും ചെയ്തു.