അനധികൃത ബെറ്റിങ് ആപ്പുകളെ പിന്തുണച്ച് പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ് ഉൾപ്പടെ 29 പേർക്കെതിരെ കേസെടുത്ത് ഇഡി

ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഫയൽ ചെയ്ത അഞ്ച് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി

Update: 2025-07-10 10:34 GMT
Editor : നബിൽ ഐ.വി | By : Web Desk

ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യം ചെയ്തതിന് താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കെതിരേയും കേസെടുത്ത് എന്‍ഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പടെ 29 പേർക്ക് എതിരെയാണ് ഇഡി ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്.

ചൂതാട്ടത്തിനുള്ള ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിനാണ് കേസ്. 1867ലെ ചൂതാട്ട നിയമം ലംഘിച്ചതിന് ഹൈദരാബാദ്, വിജയവാഡ, പഞ്ചഗുട്ട, മിയാപൂർ, സൂര്യപേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആപ്പ് പിന്തുണച്ച് പരസ്യത്തിൽ അഭിനയിച്ച സെലിബ്രറ്റികക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) ചുമത്തിയിട്ടുണ്ട്.

Advertising
Advertising

ജംഗ്ലീ റമ്മി, എ23, ജെറ്റ്വിൻ, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെയും വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും പ്രമോഷനുകളെ ചുറ്റിപ്പറ്റിയാണ് കേസ്. ഇവരുടെ യൂട്യൂബ് പരസ്യങ്ങൾ കണ്ട് സ്വാധീനിക്കപ്പെട്ട് മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഒരു പരാതിക്കാരൻ ആരോപിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീമുഖി, ശ്യാമള, വർഷിണി സൗന്ദർരാജൻ, ഹർഷ സായി, വാസന്തി കൃഷ്ണൻ, അമൃത ചൗദരി, നയനി പാവനി, ശോഭ ഷെട്ടി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ബയ്യ സണ്ണി യാദവ് തുടങ്ങിയ ഇൻഫ്ലുവൻസേഴ്സും പട്ടികയിലുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

2016-ല്‍ താന്‍ ജംഗിള്‍ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് നടന്‍ പ്രകാശ് രാജ് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും പ്രമോട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗല്‍ ടീം വഴി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News