പ്രതികൂല കാലാവസ്ഥ: ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാം വിമാനത്താവളത്തിൽ ഇറക്കി, വലഞ്ഞ് യാത്രക്കാർ
ഇന്നലെ വൈകിട്ട് ഇതേ വിമാനത്തിൽ ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരെ ഹോട്ടലിൽ താമസിപ്പിക്കേണ്ടി വന്നു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ ദമാം വിമാനത്താവളത്തിൽ ഇറക്കിയ ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് രാവിലെ ബഹ്റൈനിലേക്ക് പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ IX 573 വിമാനം ഇന്നലെ രണ്ട് തവണ ബഹ്റൈൻ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ ദമാം എയർപോർട്ടിൽ ഇറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം യാത്രക്കാർ ഒരു രാത്രിയും ഒരു പകലും മുഴുവൻ വിമാനാത്താവളത്തിൽ കുടുങ്ങി.
വിമാനം വഴിതിരിച്ചു വിടേണ്ടി വന്ന വിമാനം വീണ്ടും പറത്താൻ ജോലി സമയക്രമീകരണത്തിലുള്ള മാറ്റം കാരണം ക്യാപ്റ്റന് സാധിക്കാതിരുന്നതും യാത്രക്കാർക്ക് വിനയായി. നോമ്പുകാലമായതിനാൽ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യാനും തടസമുണ്ടായി. ഇന്ന് രാവിലെ സൗദി പ്രാദേശിക സമയം 9.30നാണ് വിമാനം ദമ്മാമിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടുക.
ബഹ്റൈൻ സമയം രാവിലെ 10.05ന് യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിച്ചേരും. ഇന്നലെ വൈകിട്ട് ഇതേ വിമാനത്തിൽ ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരെ ഹോട്ടലിൽ താമസിപ്പിക്കേണ്ടി വന്നു. ഇന്ന് രാവിലെ 10.55ന് ബഹ്റൈനിൽനിന്ന് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടുമെന്നാണു സൂചന.