വീണ്ടും എയർ ഇന്ത്യാ വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാരെ കൊൽക്കത്തയിൽ ഇറക്കി
സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്.
കൊല്‍ക്കത്ത: വീണ്ടും എയർ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക പ്രശ്നം. സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്.
യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. പുലർച്ചെ 5:20 ഓടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി മറ്റൊരു വിമാനത്തിൽ മുംബൈയിൽ എത്തിച്ചു. അതിനിടെ ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം കാരണം വിശദീകരിക്കാതെ റദാക്കി.
പകരം സംവിധാനം ഒരുക്കാത്തത്തിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. അതേസമയം കഴിഞ്ഞയാഴ്ച അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച 131 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 124 പേരുടെ കുടുംബത്തെ ഇതിനോടകം വിവരം അറിയിച്ചു.
ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടു നൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു.