അഖിലേഷിന് ദലിതരെ ആവശ്യമില്ല: സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ചന്ദ്രശേഖർ ആസാദ്

''സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്‍റെ പോരാട്ടം തുടരും, ഞാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കിൽ ഞാൻ സ്വയം പോരാടും," അദ്ദേഹം പറഞ്ഞു

Update: 2022-01-15 06:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയായ ആസാദ് സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയുമായുള്ള (എസ്‌പി) സഖ്യ സാധ്യത തള്ളി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം ഇന്ത്യ ടുഡേയോട് ആസാദ് സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ വെളിപ്പെടുത്തല്‍.

അഖിലേഷ് യാദവിനെ കാണാൻ താൻ രണ്ട് ദിവസം ലഖ്‌നൗവിലുണ്ടായിരുന്നതായി ആസാദ് വ്യക്തമാക്കി. തന്നെ വിളിക്കാതെ അദ്ദേഹം അപമാനിച്ചുവെന്നും ആസാദ് ആരോപിച്ചു. ''തങ്ങളുടെ നേതാവും സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്ന് എന്‍റെ ആളുകൾ ഭയപ്പെട്ടു. അഖിലേഷ് ജിക്ക് ദലിതരെ ആവശ്യമില്ല. അഖിലേഷിന് 'സാമൂഹിക നീതി' എന്താണെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും ദലിതുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്നും ചന്ദ്രശേഖർ ആസാദ് ചൂണ്ടിക്കാട്ടി.

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ബഹുജൻ സമാജ് പാർട്ടിയുമായും (ബിഎസ്പി) എസ്പിയുമായും കൈകോർക്കാൻ ശ്രമിച്ചതായി ആസാദ് വ്യക്തമാക്കി. അഖിലേഷ് യാദവിനെ തന്‍റെ ജ്യേഷ്ഠസഹോദരനായാണ് താൻ കണക്കാക്കിയതെന്നും ആസാദ് പറഞ്ഞു. ''സാമൂഹിക നീതിക്ക് വേണ്ടിയുള്ള എന്‍റെ പോരാട്ടം തുടരും, ഞാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കും, അല്ലെങ്കിൽ ഞാൻ സ്വയം പോരാടും," അദ്ദേഹം പറഞ്ഞു.

നേരത്തേ ജാട്ട് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺ സിംഗിന്‍റെ ജന്മവാർഷികദിനത്തിൽ ചന്ദ്രശേഖർ ആസാദ് അദ്ദേഹത്തിന് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തതോടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നുവെന്ന തരത്തിലുള്ള ചർച്ചകൾ ചൂടുപിടിച്ചിരുന്നു. 1977 ൽ ദളിത് നേതാവായ ജഗജീവൻ റാം ചമാറിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നതിൽ നിന്നും തടഞ്ഞ നേതാവായിരുന്നു ചൗധരി സിംഗ്. ഇതെല്ലാം മറന്ന് കൊണ്ടുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ഉരുത്തിരിയുന്നതെന്നാണ് ഈ നീക്കത്തെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ചന്ദ്രശേഖറിന്‍റെ ഇന്നത്തെ പ്രസ്താവന.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News