'മൃതദേഹം തള്ളാൻ ജെസിബി ഉപയോഗിച്ചു, കുംഭമേള അപകടത്തിലെ യഥാർഥ മരണസംഖ്യ യുപി സർക്കാർ മറച്ചുവെക്കുന്നു': അഖിലേഷ് യാദവ്‌

''എത്ര ചെരിപ്പുകളും വസ്ത്രങ്ങളും അവിടെ കിടന്നിരുന്നുവെന്ന് ദൈവത്തിനറിയാം, അതൊക്കെ എവിടെയാണ് കൊണ്ടുപോയി നിക്ഷേപിച്ചതെന്നും ആര്‍ക്കും അറിയില്ല''

Update: 2025-02-04 10:03 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർത്ഥ കണക്ക് പുറത്തുവിടാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

യഥാര്‍ഥ കണക്കുകള്‍ യുപി-കേന്ദ്ര സര്‍ക്കാറുകള്‍ മറച്ചുവെയ്ക്കുകയാണെന്നും മൃതദേഹങ്ങൾ തള്ളാനും തെളിവ് നശിപ്പിക്കാനും ജെസിബി ഉപയോഗിച്ചുവെന്നും അഖിലേഷ് പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ  ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അഖിലേഷ് ഇക്കാര്യം ആരോപിക്കുന്നത്. 

'എത്ര ചെരിപ്പുകളും വസ്ത്രങ്ങളും അവിടെ കിടന്നിരുന്നുവെന്ന് ദൈവത്തിനറിയാം, അതൊക്കെ എവിടെയാണ് കൊണ്ടുപോയി നിക്ഷേപിച്ചതെന്നും ആര്‍ക്കും അറിയില്ല. ഉദ്യോഗസ്ഥരുടെ മേല്‍ സമ്മർദം ചെലുത്തിയും മധുരം വിളമ്പിയും സത്യം മറച്ചുവെക്കാനാണ് കേന്ദ്രവും സംസ്ഥാനവും ശ്രമിക്കുന്നത്'- അഖിലേഷ് പറഞ്ഞു.

Advertising
Advertising

1954ലെ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട്  നിരവധിപേര്‍ മരിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെൻ്റിൽ സംസാരിക്കുകയും ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പുറത്തുവിടുകയും ചെയ്‌തിരുന്നുവെന്നും അഖിലേഷ് ഓര്‍മിപ്പിച്ചു. 

മരണസംഖ്യ കൂടാതെ, ഭക്ഷണം, വെള്ളം, ഗതാഗതം, ഡോക്ടർമാർ, മരുന്ന്, ചികിത്സ എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള ഡാറ്റ പാർലമെൻ്റിൽ അവതരിപ്പിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രയാഗ്‌രാജ് സന്ദർശിക്കാനിരിക്കെയാണ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. 

ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം തിക്കിലും തിരക്കിലും പെട്ട് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ്. എന്നാൽ, യഥാർത്ഥ മരണസംഖ്യ സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്ന് മുൻ മുഖ്യമന്ത്രികൂടിയായ അഖിലേഷ് ആരോപിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News