'ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക'; വിഎച്ച്പി പരിപാടിയിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി

അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിനെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് പ്രശംസിച്ചു.

Update: 2024-12-09 07:10 GMT

ലഖ്‌നോ: മുസ്‌ലിംകൾ തങ്ങളുടെ സംസ്‌കാരം പിന്തുടരണമെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അനാദരവ് കാണിക്കരുതെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ്. യുണിഫോം സിവിൽ കോഡ് സംബന്ധിച്ച് വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുഭാരത്വം, മുത്തലാഖ്, നികാഹ് ഹലാല എന്നിവയിൽ ഒരു ഇളവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഹിഷ്ണുതയും ദയയും നമ്മുടെ കുട്ടികളെ ജനനം മുതൽ പഠിപ്പിക്കണം. പ്രകൃതിയെയും മൃഗങ്ങളേയും സ്‌നേഹിക്കാൻ നമ്മൾ അവരെ പഠിപ്പിക്കണം. മറ്റുള്ളവരുടെ വേദനയും ദുഃഖവും നമ്മൾ മനസ്സിലാക്കണം. പക്ഷെ അങ്ങനെയുണ്ടാവുന്നില്ല. മക്കളുടെ മുന്നിൽവെച്ച് മൃഗങ്ങളെ അറുക്കുന്ന നിങ്ങൾ എങ്ങനെ കുട്ടികളെ ദയയും സഹിഷ്ണുതയും പഠിപ്പിക്കുമെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് ചോദിച്ചു. ഇത് ഇന്ത്യയാണെന്നും ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുകയെന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഒരു ഹിന്ദുവായതിനാൽ ഞാൻ എന്റെ മതത്തെ ബഹുമാനിക്കുന്നു. എന്നാൽ എനിക്ക് മറ്റു മതങ്ങളോടോ വിശ്വാസങ്ങളോടോ വിദ്വേഷ ചിന്തയില്ല. വിവാഹിതരാകുമ്പോൾ നിങ്ങൾ അഗ്നിക്ക് ചുറ്റും ഏഴ് റൗണ്ട് ചുറ്റണമെന്ന് ഞങ്ങൾ പറയുന്നില്ല. ഗംഗയിൽ സ്‌നാനം ചെയ്യണമെന്നും ആവശ്യപ്പെടുന്നില്ല. പക്ഷേ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദൈവങ്ങളെയും മഹാൻമാരായ നേതാക്കളെയും നിങ്ങൾ അനാദരിക്കരുതെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ഹിന്ദു ശാസ്ത്രങ്ങളിലും വേദങ്ങളിൽ സ്ത്രീയെ ദേവതകളായാണ് വിശേഷിപ്പിക്കുന്നത്. അവരോട് മോശമായി പെരുമാറരുത്. മുത്തലാഖും നികാഹ് ഹലാലയും അനുവദിക്കില്ല. ഷാബാനു കേസിൽ വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം കൊടുക്കണമെന്നായിരുന്നു സുപ്രിംകോടതി വിധിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങൾക്ക് മുന്നിൽ തല കുനിച്ചു. ഒടുവിൽ സുപ്രിംകോടതി വിധിയെ മറികടക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നു. ആർഎസ്എസും വിഎച്ച്പിയും ഹിന്ദുക്കളും മാത്രമല്ല ഏക സിവിൽകോഡിനായി വാദിക്കുന്നത്. സുപ്രിംകോടതിയും ഏക സിവിൽകോഡിനെ പിന്തുണച്ചുവെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.

സതി, ബാല വിവാഹം തുടങ്ങിയ നിരവധി തെറ്റായ ആചാരങ്ങൾ ഹിന്ദു സമുദായം ഒഴിവാക്കി. തെറ്റുകൾ അംഗീകരിക്കുകയും തിരുത്തി മുന്നോട്ട് പോവുകയും ചെയ്യുന്നതിൽ ഒരു പോരായ്മയുമില്ല. ഏതെങ്കിലും ഒരു മതത്തെ ഉദ്ദേശിച്ചല്ല താൻ പറയുന്നത്. എല്ലാ മതത്തിനും ഇത് ബാധകമാണ്. എല്ലാ മതങ്ങളും തെറ്റായ ആചാരങ്ങൾ തിരുത്താൻ തയ്യാറാവണം. അല്ലെങ്കിൽ രാജ്യം എല്ലാ പൗരൻമാർക്കും ബാധകമായ പൊതുനിയമം കൊണ്ടുവരുമെന്നും ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.

2025ൽ ആർഎസ്എസ് നൂറാം വാർഷികം ആഘോഷിക്കുന്നത് ജസ്റ്റിസ് ശേഖർ കുമാർ എടുത്തുപറഞ്ഞു. സംഘ്പരിവാറും അതിന്റെ പോഷക ഘടകമായ വിഎച്ച്പിയും രാജ്യത്തിന്റെ സുപ്രധാന വിഷയങ്ങളിൽ എടുക്കുന്ന നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിനെ ജഡ്ജി അഭിനന്ദിച്ചു. ജസ്റ്റിസ് ദിനേശ് പതക്കും പരിപാടിയിൽ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല.

അതേസമയം സിറ്റിങ് ജഡ്ജി ഒരു പ്രത്യേക വിഭാഗത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വലിയ വിമർശനമുയരുന്നുണ്ട്. ഒരു ഹിന്ദു സംഘടന രാഷ്ട്രീയ ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഒരു സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് അപമാനകരമാണെന്ന് മുതിർന്ന അഭിഭാഷകയായ ഇന്ദിരാ ജയ് സിങ് എക്‌സിൽ കുറിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News