എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം വെട്ടിക്കുറച്ച് മുസ്‍ലിംകൾക്ക് നൽകാൻ കോൺഗ്രസ് ശ്രമിക്കുന്നു: അമിത് ഷാ

‘മഹാരാഷ്ട്രയിൽ മതപരിവർത്തനം തടയാൻ കർശന നിയമം കൊണ്ടുവരും’

Update: 2024-11-10 16:08 GMT

മുംബൈ: എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്‍ലിംകൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുസ്‍ലിം സമുദായത്തിന് വേണ്ടിയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‍ലിം നേതാക്കൾ കത്ത് നൽകിയതായി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും രേഖകളും ഞാൻ ഈയിടെ കണ്ടു. സംവരണമാണ് ഇതിലെ ​പ്രധാന ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നോടു പറയൂ, മഹാരഷ്ട്രയിലെ ജനങ്ങൾ എസ്.സി, എസ്.ടി, ഒബിസി സംവരണ അവകാശങ്ങൾ മുസ്‍ലിംകൾക്ക് നൽകുന്നതിനെ അനുകൂലിക്കുന്നുണ്ടോ? അതിനാൽ ഈ വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. അവരു​ടെ ക്വാട്ട കുറയ്ക്കാനുള്ള ശ്രമങ്ങൾ തടയുകയും വേണം’ -അമിത് ഷാ പറഞ്ഞു.

Advertising
Advertising

ഡോ. ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടനയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ സംവരണം വാഗ്ദാനം ചെയ്യുകയാണ്. ഈ വിഷയം ജനങ്ങൾ തിരിച്ചറിയണം. മഹായുതി വീണ്ടും അധികാരത്തിൽ വന്നാൽ മതപരിവർത്തനം തടയാൻ കർശന നിയമം കൊണ്ടുവരാൻ സർക്കാർ കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഞങ്ങളുടെ വാഗ്ദാനങ്ങൾ പവിത്രമാണ്. എൻഡിഎ സർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റിയത് രാജ്യമാകെ കണ്ടതാണ്. ആർട്ടിക്കിൾ 370 രാജ്യത്തുനിന്ന് എടുത്തുകളയുമെന്ന് ആരും വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, മോദിയുടെ ​നേതൃത്വത്തിൽ അത് ഇല്ലാതാക്കി. സിഎഎ കൊണ്ടുവരുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. മുത്തലാഖ് അവസാനിപ്പിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. രാമക്ഷേത്രം ഉയരുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News