കർണാടകയിൽ തീരദേശ ജില്ലകൾക്കായി വർഗീയ വിരുദ്ധ സേന രൂപവത്കരിച്ചു; നക്സൽ വിരുദ്ധ സേനക്ക് ഇനി പുതിയ ദൗത്യം
ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി.
മംഗളൂരു: സാമുദായിക സംഘർഷ മേഖലയായി മാറിയ കർണാടകയിലെ തീരദേശ ജില്ലകൾക്കായി പ്രത്യേക വർഗീയ വിരുദ്ധ സേന രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കി. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി. ഗുണ്ടാ തലവനും ബജ്റങ്ദൾ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി ഈ മാസം ഒന്നിന് കൊല്ലപ്പെട്ടതിനെത്തുടർന്ന് മംഗളൂരു സന്ദർശിച്ച വേളയിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് അബ്ദുറഹ്മാൻ കൊല്ലപ്പെട്ടതോടെ മന്ത്രിയുടെ പ്രഖ്യാപനം പ്രാവർത്തികമാകാത്തതിൽ വിമർശനം ഉയർന്നിരുന്നു.
ഉത്തരവ് പ്രകാരം സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിഐജിപി) ഉൾപ്പെടെ 248 ഉദ്യോഗസ്ഥർ ഈ സേനയുടെ ഭാഗമാകും. 248 പേരെയും ആന്റി നക്സൽ ഫോഴ്‌സിൽ (എഎൻഎഫ്) നിന്ന് വേർപെടുത്തി 656 ഉദ്യോഗസ്ഥരുടെ അംഗബലം അനുവദിച്ചു. വർഗീയവും പ്രകോപനപരവുമായ സംഭവങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും അവ തടയുന്നതിലും പ്രത്യേക ആക്ഷൻ ഫോഴ്‌സ് പ്രാഥമിക പങ്ക് വഹിക്കും.
മാവോവാദികൾ കൂട്ടത്തോടെ കീഴടങ്ങി മുഖ്യധാരയിലേക്ക് വന്നതോടെ ആന്റി നക്സൽ ഫോഴ്സ് ആവശ്യമില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്. എന്നാൽ മാവോവാദികൾ ഏത് സമയവും തലപൊക്കാം എന്നതിനാൽ എഎൻഎഫ് പിരിച്ചു വിടുന്നതിനോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിപ്രായ ഐക്യമില്ല. ദക്ഷിണ കന്നട ജില്ലയിലെ സാഹചര്യങ്ങൾ വഷളായതിനാൽ സർക്കാർ വർഗീയ വിരുദ്ധ സേന ഉടൻ പ്രാബല്യത്തോടെ രൂപവത്കരിക്കുകയായിരുന്നു.