'നിങ്ങൾ മന്ത്രിയാണ്, രാജാവല്ല'; ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന പരാമർശത്തിൽ കേന്ദ്ര മന്ത്രിക്കെതിരെ ഉവൈസി

പ്രധാനമന്ത്രിയുടെ പോലും വിദ്വേഷപ്രസംഗത്തിന് വിധേയമാകുന്നത് അഭിമാനമാണോയെന്ന് ഉവൈസി ചോദിച്ചു.

Update: 2025-07-07 12:54 GMT

ഹൈദരാബാദ്: ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും കിട്ടുന്ന ഏക രാജ്യം ഇന്ത്യയാണെന്ന പ്രസ്താവനയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. ന്യൂനപക്ഷ അവകാശങ്ങൾ മൗലികാവകാശങ്ങളാണെന്നും ആരുടെയും ഔദാര്യമല്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

''കിരൺ റിജിജു, നിങ്ങൾ ഇന്ത്യൻ റിപ്പബ്ലിക്കിലെ ഒരു മന്ത്രിയാണ്, രാജാവല്ല. ഒരു ഭരണഘടനാ പദവിയാണ് താങ്കൾ വഹിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾ മൗലികാവകാശങ്ങളാണ്, ആരുടെയും ഔദാര്യമല്ല''- ഉവൈസി എക്‌സിൽ കുറിച്ചു.

Advertising
Advertising

ഓരോ ദിവസവും പാകിസ്താനി, ബംഗ്ലാദേശി, ജിഹാദി, റോഹിംഗ്യ വിളികളാണ് മുസ്‌ലിംകൾ നേരിടുന്നത്. ഇതാണോ സംരക്ഷണമെന്ന് ഉവൈസി ചോദിച്ചു. ആൾക്കൂട്ടക്കൊലക്ക് വിധേയമാകുന്നത്, ഇന്ത്യൻ പൗരൻമാരെ തട്ടിക്കൊണ്ടുപോയി ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നത് എല്ലാം സംരക്ഷണമാണോയെന്ന് ഉവൈസി ചോദിച്ചു.

പ്രധാനമന്ത്രിയുടെ പോലും വിദ്വേഷപ്രസംഗത്തിന് വിധേയമാകുന്നത് അഭിമാനമാണോയെന്ന് ഉവൈസി ചോദിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാർ പോലുമല്ല. തങ്ങൾ ബന്ദികളാണ്. ആനുകൂല്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മറ്റു ചില കാര്യങ്ങളെ കുറിച്ച് കൂടി പറയേണ്ടതുണ്ട്. ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽ ഏതെങ്കിലും മുസ്‌ലിമിന് അംഗമാവാൻ കഴിയുമോ? ഇല്ല, എന്നാൽ വഖഫ് ഭേദഗതി നിയമം അമുസ്‌ലിംകളെ നിർബന്ധമായി വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിംകളുടെ എണ്ണം കുറഞ്ഞുവരുന്നു. മോദി സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഏറ്റവും വലിയ ഇരകൾ മുസ്‌ലിംകളാണ്. പിതാവിനെക്കാളും പിതാമഹനെക്കാളും മോശം ജീവിതം ജീവിക്കേണ്ടിവരുന്ന മക്കളുള്ളത് മുസ്‌ലിം സമുദായത്തിലാണെന്നും ഉവൈസി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News