രേവന്ത് റെഡ്ഡി മന്ത്രിസഭയിലേക്ക് അസ്ഹറുദ്ദീൻ: എംഎൽഎ അല്ലെങ്കിലും എത്തുന്നത് ഇങ്ങനെ...
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് സീറ്റിൽ അസ്ഹറുദ്ദീനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. അന്ന് പരാജയപ്പെട്ടിരുന്നു
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ വോട്ടുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
കഴിഞ്ഞ ആഗസ്റ്റിൽ ഗവർണറുടെ ക്വാട്ടയിൽ എംഎൽസിയായി നാമനിർദേശം ചെയ്യപ്പെട്ട അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താനുള്ള സംസ്ഥാന കോണ്‍ഗ്രസിന്റെ നിർദ്ദേശത്തിന് എഐസിസി അംഗീകാരം നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ (വെള്ളിയാഴ്ച) നടന്നേക്കും. അതേസമയം ഗവര്‍ണറുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം വരാനുണ്ടെന്നും വാര്‍ത്തകളുണ്ട്.
മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നയിക്കുന്ന നിലവിലെ മന്ത്രിസഭയിൽ 15 അംഗങ്ങളുണ്ടെങ്കിലും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള പ്രാതിനിധ്യമില്ല. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം, മൂന്ന് അംഗങ്ങളെ കൂടി ഉൾപ്പെടുത്താം. ന്യൂനപക്ഷ സമുദായത്തില്‍ നിന്നൊരു മന്ത്രിയെ നിയമിക്കുന്നത് പ്രത്യേകിച്ചും ജൂബിലി ഹില്‍സില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ പൊസിഷന്‍ ശക്തിപ്പെടുത്തുമെന്നാണ് പാർട്ടി നേതാക്കൾ വിശ്വസിക്കുന്നത്.
ഈ വർഷം ജൂണിൽ ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. അതേസമയം അസ്ഹറുദ്ദിനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ ബിജെപി രംഗത്ത്. പ്രീണനരാഷ്ട്രീയത്തിൽ കുറഞ്ഞതൊന്നുമല്ല കോൺഗ്രസിന്റെ നീക്കമമെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു പറഞ്ഞു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് സീറ്റില്‍ അസ്ഹറുദ്ദീനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അന്ന് താരം പരാജയപ്പെട്ടിരുന്നു. 16337 വോട്ടുകൾക്കായിരുന്നു തോൽവി.