മംഗളൂരുവിൽ കൊല്ലപ്പെട്ട ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി സൂറത്ത്കൽ ഫാസിൽ വധക്കേസ് പ്രതി

കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.

Update: 2025-05-02 04:29 GMT

മംഗളൂരു: കർണാടകയിലെ ബജ്‌പെക്ക് സമീപം കൊല്ലപ്പെട്ട ബജ്‌റംഗ് ദൾ നേതാവ് സുഹാസ് ഷെട്ടി സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി. വ്യാഴാഴ്ച രാത്രി 8.15ഓടെ കിന്നിപ്പടവിൽ നടുറോഡിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസിൽ വധക്കേസിൽ അടുത്തിടെയാണ് സുഹാസ് ജാമ്യം ലഭിച്ച് പുറത്തിറയത്. കൊലപാതകം അടക്കം നാല് കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.

മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

Advertising
Advertising

"രാത്രി 8.27 ഓടെ, കിന്നിപ്പടവ് ക്രോസിന് സമീപം ഒരു ആക്രമണവും കൊലപാതകവും റിപ്പോർട്ട് ചെയ്യപ്പെട്ടു. സഞ്ജയ്, പ്രജ്വാൾ, അൻവിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ ഒരു സ്വിഫ്റ്റ് കാറിലും പിക്കപ്പ് വാഹനത്തിലുമായി എത്തിയ സംഘം തടഞ്ഞുനിർത്തി. അഞ്ച് -ആറ് പേരടങ്ങുന്ന അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിച്ചു, ഗുരുതരമായി പരിക്കേറ്റു," - അഗർവാൾ അറിയിച്ചു.

ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. ബാജ്‌പെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണകാരികളെ എത്രയും വേഗം പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു.

2022 ജൂലൈ 28 ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയിൽ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ ഒരു വസ്ത്രശാലയ്ക്ക് പുറത്ത് മുഖംമൂടി ധരിച്ച അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഷെട്ടി. കൊലപാതകം, കൊലപാതകശ്രമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു, രണ്ടെണ്ണത്തിൽ വിട്ടയച്ചു, ബാക്കിയുള്ളവ വിചാരണയിലാണ്.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മം​ഗളൂരു ന​ഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഷെട്ടിയുടെ വധത്തിൽ പ്രതിഷേധിച്ച് വിഎച്ച്പി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് നിരോധനാജ്ഞ. വിഎച്ച്പി ബന്ദിനിടെ വിവിധ സ്ഥലങ്ങളിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News