സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; വീട്ടുജോലിക്കാരുടെ ശമ്പളം കുറയ്ക്കാനൊരുങ്ങി ബെംഗളൂരു,വിമര്‍ശനം

സാധാരണക്കാരായ സ്ത്രീകള്‍ക്ക് പദ്ധതി വലിയ ആശ്വാസമാണ്

Update: 2023-06-20 10:38 GMT
Editor : Jaisy Thomas | By : Web Desk

കര്‍ണാടകയിലെ ബസില്‍ നിന്നുള്ള ദൃശ്യം

Advertising

ബെംഗളൂരു: കർണാടക സർക്കാർ അടുത്തിടെ ആരംഭിച്ച 'ശക്തി' പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നു. കർണാടകയിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

സാധാരണക്കാരായ സ്ത്രീകള്‍ക്ക് പദ്ധതി വലിയ ആശ്വാസമാണ്. കാരണം മുന്‍പ് അവരുടെ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം യാത്രക്കായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ ചുവടുപിടിച്ച് വീട്ടുജോലിക്കാരായ സ്ത്രീകളുടെ ശമ്പളം കുറയ്ക്കാനൊരുങ്ങുകയാണ് ബെംഗളൂരുവിലെ വിവിധ അപ്പാര്‍ട്ടുമെന്‍റുകളിലെ താമസക്കാര്‍. ട്വിറ്റര്‍ ഉപയോക്താവായ മാനസിയാണ് ഇക്കാര്യം പങ്കുവച്ചത്. യാത്രാച്ചെലവുകള്‍ കൂടി കണക്കിലെടുത്താണ് നേരത്തെ വീട്ടുജോലിക്കാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കിയിരുന്നു. ഇപ്പോള്‍ അതൊഴിവായ സാഹചര്യത്തിലാണ് അവരുടെ ശമ്പളം കുറയ്ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നത്. ''മടുപ്പിക്കുന്ന ജോലികൾ ചെയ്തിട്ടും ഇന്ത്യയിലെ വീട്ടുജോലിക്കാർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. 'ശക്തി' പദ്ധതി കാരണം അവർക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുമെന്നതുകൊണ്ട് അവരുടെ ശമ്പളം കുറയുന്നത് തീർച്ചയായും നല്ലതല്ല'' മാനസി ട്വീറ്റ് ചെയ്യുന്നു.

പ്രശ്നം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 'പോഷ്' അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന ആളുകൾക്ക് ആഡംബര ജീവിതത്തിനായി ചെലവഴിക്കാൻ മതിയായ വരുമാനം ഉണ്ട്, എന്നാൽ വീട്ടുജോലിക്കാർക്ക് ഉചിതമായ ശമ്പളം നൽകുമ്പോൾ, അവർ പെട്ടെന്ന് പിശുക്കന്മാരായി മാറുന്നുവെന്ന് ഒരാള്‍കുറിച്ചു. വീട്ടുജോലിക്കാർക്ക് അവർ നൽകുന്ന ശമ്പളം സുഹൃത്തുക്കളുമായി ഒരു രാത്രി ചെലവഴിക്കുന്ന പണത്തിന് ഏതാണ്ട് തുല്യമാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ സാധിക്കുക. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തിവരെ യാത്ര ചെയ്യാം. അതിർത്തി സംസ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാവും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം.

ആദ്യത്തെ മൂന്നുമാസം കേന്ദ്ര-സംസ്ഥാന സർക്കാർ തിരിച്ചറിയൽ രേഖ കണ്ടക്ടറെ കാണിച്ചാൽ മതി. കണ്ടക്ടർ പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകും. മൂന്നു മാസത്തിന് ശേഷം യാത്രക്ക് ശക്തി സ്മാർട് കാർഡുകൾ നിർബന്ധമാണ്. സർക്കാരിന്റൈ സേവ സിന്ധു പോർട്ടർ, കർണാടക വൺ വെബ്‌സൈറ്റ്, ബാംഗ്ലൂർ വൺ പോർട്ടൽ എന്നിവയിലൂടെ സ്മാർട്ട് കാർഡിനായി അപേക്ഷിക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News