ഭാരത് ജോഡോ യാത്ര കോൺ​ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് യെച്ചൂരി; ബിജെപിക്കെതിരെ മതേതര- ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യം

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

Update: 2022-09-16 13:18 GMT
Advertising

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എവിടെ, എങ്ങനെ യാത്ര നടത്തണമെന്നതടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ മതേതര- ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് യെച്ചൂരി വ്യക്തമാക്കി. വര്‍ഗീയതയ്‌ക്കെതിരെ മതേതര പക്ഷത്ത് പരമാവധി ആളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.

ഒപ്പം ഭരണഘടനയേയും ജനാധിപത്യത്തേയും പൗരസ്വാതന്ത്ര്യത്തേും സമ്പദ്‌വ്യവസ്ഥയേയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതിനാണ് പരിഗണന കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും പല കക്ഷികളും എതിര്‍പക്ഷത്താണെങ്കിലും ദേശീയതലത്തിലേക്കെത്തിയാല്‍ അവയെല്ലാം മതേതര ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒന്നിക്കുകയാണ് ചെയ്യുക.

മതേതര- ജനാധിപത്യ ശക്തികള്‍ ബിജെപിക്കെതിരെ ഒന്നിക്കുകയാണ് വേണ്ടതെന്നും ഇടതുപക്ഷ ശക്തികളുടെ ഐക്യം രൂപപ്പെടുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കുമെന്നും സെപ്തംബര്‍ 24വരെയായിരിക്കും പ്രതിഷേധമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടന്നായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോയിൽ പൊതുവികാരം. യാത്ര പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും യോഗം വിലയിരുത്തി. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്രയ്ക്ക് നിലപാടും നയവും ഇല്ലെന്ന വിമർശനവുമായി സംസ്ഥാന സി.പി.എം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് വിരുദ്ധമായാണ് കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News