Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. വിമാനത്തിൽ പക്ഷിയിടിച്ചതാവാമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യോമയാനരംഗത്തെ വിദഗ്ധരും അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നുണ്ട്.
ലോകത്തെ പ്രീമിയം വിമാനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 ഡ്രീം ലൈനർ വിമാനം. ഈ വിമാനം ഇത്ര വലിയ ഒരു അപകടം ഉണ്ടാക്കിയത് ആശങ്കയോടെയാണ് ലോകം കാണുന്നത്. പക്ഷി ഇടിച്ചതോടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം നിലച്ചു എന്നാണ് ഡിജിസിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
പക്ഷേ ഇത് സാധൂകരിക്കണമെങ്കിൽ ബ്ലാക്ക് ബോക്സ് ഡി കോഡ് ചെയ്തുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവരണം. നിലവിൽ ബ്ലാക്ക് ബോക്സുകളിൽ ഒന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. മുൻവശത്തെ ബ്ലാക്ക് ബോക്സും കൂടി ലഭിച്ചെങ്കിൽ മാത്രമേ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. കൂടുതൽ അന്വേഷണത്തിനായി വ്യോമയാന മന്ത്രി ഇന്നലെ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമയാനരംഗത്തെ വിദഗ്ധരും സമിതിയിൽ ഉണ്ട്. 11 വർഷം പഴക്കമുള്ള വിമാനം ആയതിനാൽ തന്നെ വിമാനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബോയിങ് കമ്പനിയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം വിമാനം ടേക്ക് ഓഫ് ചെയ്തിട്ടും ചക്രങ്ങൾ താഴ്ന്നു തന്നെ ഇരുന്നതും ചിറകുകൾക്ക് പിന്നിലെ ഫ്ലാപ്പുകൾ നേരെ തന്നെ നിന്നതിലും സംശയങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.