2020ൽ തോറ്റ 37 സ്ഥാനാർഥികൾ വീണ്ടും കളത്തിൽ; ബിഹാറിൽ എൻഡിഎ തന്ത്രം മെനയുന്നത് ഇങ്ങനെ

ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്

Update: 2025-10-30 11:35 GMT

പട്‌ന: ഭരണവിരുദ്ധ വികാരത്തെ മറികടന്ന് വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കുന്ന എൻഡിഎ ബിഹാറിൽ കൂടുതലും കളത്തിലിറക്കുന്നത് നേരത്തെ മത്സരിച്ചവരെ തന്നെ. 2020ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും ഇത്തവണ സീറ്റ് നൽകിയിട്ടുണ്ട്. ബിജെപി, ജെഡിയു, ലോക് ജനശക്തി പാർട്ടി (രാം വിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎ മുന്നണിയിലുള്ളത്. 2020ൽ എൽജെപി, ആർഎൽഎം എന്നീ പാർട്ടികൾ എൻഡിഎയുടെ ഭാഗമായിരുന്നില്ല. അന്ന് എൻഡിഎക്ക് ഒപ്പമായിരുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി ഇത്തവണ മഹാസഖ്യത്തിന്റെ കൂടെയാണ്.

Advertising
Advertising

114 പുതുമുഖങ്ങളെയും 2020ൽ മത്സരിച്ച 129 സ്ഥാനാർഥികളെയുമാണ് എൻഡിഎ ഇത്തവണ കളത്തിലിറക്കിയത്. ഇവരിൽ 37 പേർ കഴിഞ്ഞ തവണ പരാജയപ്പെട്ടവരാണ്. 2020നെ അപേക്ഷിച്ച് ബിജെപിക്ക് 35 പുതുമുഖ സ്ഥാനാർഥികളുണ്ട്. 66 പേർ നേരത്തെ മത്സരിച്ചവരാണ്. ഇതിൽ 54 പേർ കഴിഞ്ഞ തവണ വിജയിച്ച സ്ഥാനാർഥികളാണ്. 2020ൽ 74 സീറ്റുകൾ നേടിയ പാർട്ടി വിജയിച്ച 20 സ്ഥാനാർഥികളെ ഒഴിവാക്കി. അതേസമയം പരാജയപ്പെട്ട 12 സ്ഥാനാർഥികൾക്ക് വീണ്ടും അവസരം നൽകി.

എൻഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ജെഡിയു സ്ഥാനാർഥികളിൽ 51 പേർ പുതുമുഖങ്ങളാണ്. 50 പേർ നേരത്തെ മത്സരിക്കുന്നവരാണ്. വീണ്ടും മത്സരിക്കുന്നവരിൽ 33 പേർ കഴിഞ്ഞ തവണ വിജയിച്ചവരും 17 പേർ പരാജയപ്പെട്ടവരുമാണ്. ബിജെപിയും ജെഡിയുവും 101 സീറ്റിൽ വീതമാണ് ഇത്തവണ മത്സരിക്കുന്നത്.

ചിരാഗ് പാസ്വാന്റെ എൽജെപി ഇത്തവണ 29 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒറ്റക്കായിരുന്ന എൽജെപി 143 സീറ്റിൽ മത്സരിച്ചപ്പോൾ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. എങ്കിലും ജെഡിയു സ്ഥാനാർഥികളുടെ പരാജയത്തിൽ എൽജെപിയുടെ സാന്നിധ്യം നിർണായകമായിരുന്നു. പിന്നീട് ഇവരുടെ ഏക എംഎൽഎ ജെഡിയുവിൽ ചേർന്നു. ഇപ്പോൾ മത്സരിക്കുന്ന 29 സ്ഥാനാർഥികളിൽ എട്ടുപേർ കഴിഞ്ഞ തവണ മത്സരിച്ചവരാണ്.

എൻഡിഎ പുതുമുഖങ്ങളെ രംഗത്തിറക്കിയ 114 സീറ്റുകളിൽ 30 എണ്ണത്തിൽ മാത്രമാണ് കഴിഞ്ഞ തവണ അവർക്ക് വിജയിക്കാനായത്. എൻഡിഎ ശരാശരി 15,150 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും എല്ലാ സീറ്റുകളിലും 30 ശതമാനത്തിൽ കൂടുതൽ വോട്ട് നേടുകയും ചെയ്തിട്ടും ഈ സീറ്റുകളിൽ പുതുമുഖങ്ങൾക്കാണ് അവസരം നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News