പഞ്ചാബില്‍ ബി.ജെ.പി 65 സീറ്റിലും അമരിന്ദറിന്‍റെ പാര്‍ട്ടി 37 സീറ്റിലും മത്സരിക്കും

എന്‍.ഡി.എയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി

Update: 2022-01-24 12:35 GMT
Advertising

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ എന്‍.ഡി.എയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ബി.ജെ.പി 65 സീറ്റില്‍ മത്സരിക്കും. മുൻ മുഖ്യമന്ത്രി അമരിന്ദർ സിങിന്‍റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലാണ് മത്സരിക്കുക. മറ്റൊരു സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (സംയുക്ത്) 15 സീറ്റിലാണ് ജനവിധി തേടുക.

ക്യാപ്റ്റൻ അമരിന്ദര്‍ സിങും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും ശിരോമണി അകാലിദൾ (സംയുക്ത്) നേതാവ് സുഖ്‌ദേവ് സിങ് ദിൻഡ്‌സയും വാര്‍ത്താസമ്മേളനം വിളിച്ചാണ് സീറ്റ് വിഭജനം വിശദീകരിച്ചത്- "പഞ്ചാബിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിന് ഡബിള്‍ എഞ്ചിൻ സർക്കാരും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മികച്ച ഏകോപനവും ആവശ്യമാണ്"

117 അംഗ നിയമസഭയില്‍ ഫെബ്രുവരി 20നാണ് വോട്ടെടുപ്പ്. 22 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ക്യാപ്റ്റൻ അമരിന്ദര്‍ സിങ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ അജിത് പാൽ സിങ് ഉൾപ്പെടെ സ്ഥാനാര്‍ഥികളാണ്. ആദ്യ പട്ടികയില്‍ ഒരു സ്ത്രീ മാത്രമേയുള്ളൂ. ശിരോമണി അകാലിദൾ മുന്‍ എം.എൽ.എ ഫർസാന ആലം ഖാൻ മാൾവ മേഖലയിലെ മലർകോട്‌ലയിൽ നിന്ന് മത്സരിക്കും. പട്യാല അർബൻ സീറ്റിലാണ് അമരിന്ദര്‍ മത്സരിക്കുക. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് തന്‍റെ പാര്‍ട്ടി മത്സരിക്കാനായി തെരഞ്ഞെടുത്തതെന്ന് അമരിന്ദര്‍ സിങ് പറഞ്ഞു. 37 സീറ്റിൽ 26 എണ്ണവും മാൾവ മേഖലയിലാണ്.

കോണ്‍ഗ്രസ് വിട്ടാണ് അമരിന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിച്ചതും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതും. വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയത് അമരിന്ദറിന് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികളുടെ പ്രതീക്ഷ.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News