മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; വസുന്ധര രാജെ സിന്ധ്യെ ഡൽഹിയിൽ

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ തുടരാൻ അനുവദിച്ച മാതൃകയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

Update: 2023-12-08 01:26 GMT
Advertising

ന്യൂ‍ഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനം നീളുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും തനിക്കാണെന്ന് വസുന്ധര രാജെ സിന്ധ്യ അറിയിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായി. നാളേയ്ക്കുള്ളിൽ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനാണ് ബിജെപി തയാറെടുക്കുന്നത്.

കോൺഗ്രസിന് അധികാരം ലഭിച്ച തെലങ്കാനയിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ടും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ചർച്ച തുടരുന്നത്. അധികാര തുടർച്ച നേടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തുടരാൻ അനുവദിക്കുകയാണ് ബിജെപിയുടെ കീഴ്വഴക്കം. ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ തുടരാൻ അനുവദിച്ച മാതൃകയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

115 എംഎൽഎമാരിൽ 60 എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്നലെ വൈകിട്ട് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ ബോധ്യപ്പെടുത്തി. എന്നാൽ സമ്മർദ തന്ത്രങ്ങൾക്ക് കീഴടങ്ങേണ്ട എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എംഎൽഎമാരുമായി സംസാരിക്കാൻ ബാലക് നാഥ് ജയ്പൂരിലാണ്. നിയമസഭയിലേക്ക് വിജയിച്ച എം.പി ബാലക് നാഥ് ഇന്നലെയാണ് രാജിവച്ചത്.

ഒബിസി വിഭാഗത്തിൽ ജനിച്ചയാൾ, സന്യാസി എന്നീ പരിഗണനയിൽ ബാലക് നാഥിനെ രാജസ്ഥാൻ മുഖ്യമന്ത്രി പദവിയിലേക്ക് കേന്ദ്ര നേതൃത്വം തെരെഞ്ഞെടുക്കുമോ എന്ന ആശങ്ക വസുന്ധരയ്‌ക്കുണ്ട്. ഈ ഭയം മൂലമാണ് ഡൽഹിയിലെത്തി അവർ കരുക്കൾ നീക്കുന്നത്. മൂന്നു മുഖ്യമന്ത്രിമാരിൽ ഒരാൾ വനിതയാകണം എന്നാണ് പൊതുധാരണ. രാജസ്ഥാനിൽ വസുന്ധര ഒഴിവായാൽ ഛത്തീസ്‌ഗഡിൽ രേണുക സിങ്ങിന് നറുക്ക് വീണേക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News