കേന്ദ്രമന്ത്രിയുടെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്

ബം​ഗ്ലാവിന്, അനുവദിച്ചതിലും കൂടുതൽ നിലകൾ ഉള്ളതായി കോടതി കണ്ടെത്തി.

Update: 2022-09-20 10:43 GMT
Advertising

മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ബോംബെ ​ഹൈക്കോടതി ഉത്തരവ്. ജുഹു ഏരിയയിലെ ബം​ഗ്ലാവിന്റെ ഭാ​ഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടത്. നിർമാണം ഫ്ലോർ സ്പേസ് ഇൻഡക്സും (എഫ്.സി.ഐ) തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങളും (സി.ആർ.ഇസഡ്) ലംഘിച്ചാണെന്ന് കോടതി നിരീക്ഷിച്ചു.

ബം​ഗ്ലാവിന്, അനുവദിച്ചതിലും കൂടുതൽ നിലകൾ ഉള്ളതായി കോടതി കണ്ടെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത നിർമാണം പൊളിച്ചുനീക്കണം എന്നും ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് (ബി.എം.സി) ജസ്റ്റിസ് ആർ‍.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

റാണെയ്ക്ക്‌ 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തുക രണ്ടാഴ്ച്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീ​ഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. അനധികൃത നിർമാണത്തിന് നിയമസാധുത തേടി റാണെ കുടുംബം നൽകിയ ഹരജി പരി​ഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

റാണെ കുടുംബം നടത്തുന്ന കമ്പനിയുടെ രണ്ടാമത്തെ അപേക്ഷ പരിഗണിക്കാനോ അനുവദിക്കാനോ പാടില്ലെന്ന് ബോംബെ കോർപ്പറേഷന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അത്തരം അനുമതികൾ എല്ലാവിധത്തിലുമുള്ള അനധികൃത നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും കോടതി പറഞ്ഞു.

തങ്ങളുടെ രണ്ടാമത്തെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ബി.എം.സിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റാണെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൽക്ക റിയൽ എസ്റ്റേറ്റ്സ് എന്ന കമ്പനി സമർപ്പിച്ച ഹരജിയും കോടതി തള്ളി. സുപ്രിംകോടതിയെ സമീപിക്കാൻ ആറാഴ്ചത്തേക്ക് സമയം തരണമെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും റാണെയുടെ അഭിഭാഷകൻ ശാർദുൽ സിങ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News