ജാമ്യമില്ല; നവാബ് മാലിക്കിന് രാജ്യസഭയിലേക്ക് വോട്ട് ചെയ്യാനാവില്ല

ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്

Update: 2022-06-10 07:01 GMT
Editor : Lissy P | By : Web Desk

ഡൽഹി:ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന് ജാമ്യം നിഷേധിച്ചു. രാജ്യസഭയിലേക്ക് വോട്ട് ചെയ്യാനായി ജാമ്യം നൽകണമെന്ന ഹരജി ഹൈക്കോടതി നിരസിച്ചു. ഇതോടെ മാലിക്കിന് രാജ്യസഭയിലേക്ക് വോട്ട് ചെയ്യാനാകില്ല.

ബോംബെ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഒന്നുകിൽ ബോണ്ടിൽ കസ്റ്റഡിയിൽ വിട്ടയക്കണമെന്നും അല്ലെങ്കിൽ പൊലീസ് അകമ്പടിയോടെ വിധാൻ ഭവനിലേക്ക് വോട്ട് ചെയ്യാൻ അനുവദിക്കണമെന്നുമായിരുന്നു മാലിക് ആവശ്യപ്പെട്ടിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗാണ്  മാലിക്കിന്റെ ഹരജിയെ എതിർത്തത്.

Advertising
Advertising

15 സംസ്ഥാനങ്ങളിലെ രാജ്യസഭാ വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്.   മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾക്ക് ഓരോ സീറ്റിലും വിജയമുറപ്പാണ്. എന്നാൽ ശിവസേന രണ്ടാമനെ കൂടി കളത്തിലിറക്കി. ബി.ജെ.പിയുടെ ഒരു സ്ഥാനാർഥിയെ തോൽപ്പിക്കുകയാണ് ശിവസേന ലക്ഷ്യമിടുന്നത്. എൻസിപി ഘടകകക്ഷിയായ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്ക് (എംവിഎ) സേനയുടെ രണ്ടാം സ്ഥാനാർഥി സഞ്ജയ് പവാറിന് ജയിക്കാന്‍ ഓരോ വോട്ടും നിർണായകമാണ്.

കർണാടകത്തിൽ 121 സീറ്റുകളുള്ള ബി.ജെ.പിക്ക് രണ്ട് സ്ഥാനാർത്ഥികളെ ഉറപ്പായും വിജയിപ്പിക്കാമെന്നിരിക്കെ മൂന്നു സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. 70 സീറ്റുകളുള്ള കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ ജയിപ്പിക്കാമെന്നിരിക്കെ രണ്ട് പേരെ മത്സരിക്കുന്നുണ്ട്. ജയം ഉറപ്പില്ലെങ്കിലും ജെ.ഡി.എസിനും ഒരു സ്ഥാനാർഥിയുണ്ട്.

രാജസ്ഥാനിൽ ജയിക്കാവുന്ന 2 സീറ്റിനു പുറമെ, ചെറുകക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് പ്രമോദ് തിവാരിയെ കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. സ്വതന്ത്രനായി മുന്നോട്ടിറങ്ങിയ സി ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയ്ക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ക്യാമ്പ് അങ്കലാപ്പിലായി. ഹരിയാനയിൽ 2 സീറ്റിലേക്കുള്ള മത്സരത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഓരോ സ്ഥാനാർഥികളെ വിജയിപ്പിക്കാം. സ്വതന്ത്ര സ്ഥാനാർഥിയായ ന്യൂസ് എക്‌സ് ഉടമ കാർത്തികേയ ശർമ്മയെ രണ്ടാമത്തെ സ്ഥാനാർഥിയായി ബി.ജെ.പി മുന്നോട്ട് വെയ്ക്കുന്നു. കോൺഗ്രസിന്റെയും ശിവസേനയുടേയും മാതൃകയിൽ ഹരിയാനയിൽ എം.എൽ.എമാരെ ബിജെപി റിസോർട്ടിലേക്കു മാറ്റിയിരുന്നു


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News