ഹോം വർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ക്ലാസിൽ തലകീഴായി കെട്ടിത്തൂക്കി ഡ്രൈവറെ കൊണ്ട് തല്ലിച്ച് പ്രിൻസിപ്പൽ
അധ്യാപിക വിദ്യാർഥികളെ പലപ്പോഴും ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
Photo| Special Arrangement
ഛണ്ഡീഗഢ്: ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ച് സ്കൂളിൽ രണ്ടാം ക്ലാസുകാരന് നേരെ കൊടുംക്രൂരത. കുട്ടിയെ ക്ലാസിലെ ജനലിൽ തലകീഴായി കെട്ടിത്തൂക്കി സ്കൂൾ ഡ്രൈവറെ കൊണ്ട് തല്ലിച്ച് പ്രിൻസിപ്പൽ. ഹരിയാന പാനിപ്പത്തിലെ ജടൽ റോഡിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയെ ജനലിൽ കെട്ടിത്തൂക്കി മർദിക്കുന്നതിന്റെയും മറ്റു ചില കുട്ടികളെ പ്രിൻസിപ്പൽ മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുഖിജ കോളനിയിൽ താമസിക്കുന്ന ഏഴു വയസുള്ള കുട്ടിയെ അടുത്തിടെയാണ് ഈ സ്കൂളിൽ ചേർത്തതെന്ന് അമ്മ ഡോളി പറഞ്ഞു. കുട്ടിയെ ശിക്ഷിക്കാൻ പ്രിൻസിപ്പൽ റീന ഡ്രൈവർ അജയ്‌യോട് പറഞ്ഞെന്നും തുടർന്ന് അയാൾ മർദിച്ചെന്നും അമ്മ വ്യക്തമാക്കി. അജയ് കുട്ടിയെ ക്രൂരമായി മർദിക്കുകയും വീഡിയോകോൾ വിളിച്ച് ഇത് സുഹൃത്തുക്കളെ കാണിക്കുകയും വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഇത് കുട്ടിയുടെ വീട്ടുകാർ കണ്ടതോടെയാണ് സ്കൂളിലെ ക്രൂരത പുറത്തറിയുന്നത്.
മറ്റ് കുട്ടികളുടെ മുന്നിൽവച്ച് പ്രിൻസിപ്പൽ റീന ചെറിയ കുട്ടികളെ തല്ലുന്നതാണ് പുറത്തുവന്ന മറ്റൊരു വീഡിയോ. ചില കുട്ടികളെ വിളിച്ചുവരുത്തി മുഖത്തടക്കം പലവട്ടം ശക്തിയായി അടിക്കുന്നത് വീഡിയോയിലുണ്ട്. കുട്ടികൾ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും പറഞ്ഞ് പ്രിൻസിപ്പൽ തന്റെ ക്രൂരതയെ ന്യായീകരിച്ചു. അധ്യാപിക വിദ്യാർഥികളെ പലപ്പോഴും ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
മർദനത്തെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ, ആഗസ്റ്റ് 13ന് കുട്ടിയെ ശകാരിക്കാൻ അജയ്‌യോട് ആവശ്യപ്പെട്ടതായി പ്രിൻസിപ്പൽ റീന സമ്മതിച്ചു. എന്നാൽ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികൾ കാരണം ആഗസ്റ്റിൽ തന്നെ ഡ്രൈവറെ പിരിച്ചുവിട്ടതായി അവർ അവകാശപ്പെട്ടു. എന്നാൽ വീഡിയോ പുറത്തുവന്നതിന് ശേഷം അജയ് ഒരു കൂട്ടമാളുകളെ വീട്ടിലേക്ക് അയച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന് ഏഴ് വയസുകാരന്റെ കുടുംബം ആരോപിച്ചു.
വീട്ടുകാരുടെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത മോഡൽ ടൗൺ പൊലീസ്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികളുടെ സംരക്ഷണ നിയമങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കേണ്ടതുണ്ടെന്നും ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.