'ബുള്‍ഡോസര്‍ ബാബ യു.പിയെ ജംഗിള്‍ രാജിലേക്ക് നയിക്കുന്നു': യോഗിക്കെതിരെ അഖിലേഷ്

'നുണയും ചതിയും കൊണ്ടാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത്'

Update: 2022-04-17 04:27 GMT

ലഖ്നൌ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുൾഡോസർ ബാബ സംസ്ഥാനത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

"ഉത്തർപ്രദേശ് അരാജകത്വത്തിന്റെയും ജംഗിൾ രാജിന്റെയും പിടിയിലാണ്. ഇതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അവസ്ഥ. ബുൾഡോസറിന്റെ സ്റ്റിയറിങ് പിടിച്ച് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുമ്പോൾ, അധികാരത്താൽ സംരക്ഷിക്കപ്പെട്ട കുറ്റവാളികൾ പുറത്ത് നാശം വിതയ്ക്കുകയാണ്"- അഖിലേഷ് യാദവ് പറഞ്ഞു.

നുണയും ചതിയും കൊണ്ടാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചത്. യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ ബി.ജെ.പി ജനാധിപത്യവിരുദ്ധമായ മാർഗങ്ങൾ ഉപയോഗിച്ചെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

Advertising
Advertising

യു.പിയിൽ ബി.ജെ.പി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിനു പിന്നാലെ അയോധ്യയിൽ അഞ്ചു വയസ്സുകാരി ബലാത്സംഗത്തിനിരയായി. ഇരയുടെ കുടുംബം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്. ബലാത്സംഗം നടന്നതായി പറയപ്പെടുന്ന മഠം പൊളിക്കാൻ എന്തുകൊണ്ട് യോഗി ആദിത്യനാഥ് ബുൾഡോസർ അയച്ചില്ലെന്നും അഖിലേഷ് യാദവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഗൊരഖ്പൂർ മണ്ഡലത്തോട് ചേർന്നുള്ള ജില്ലയിൽ മോചനദ്രവ്യം നൽകാൻ മാതാപിതാക്കൾക്ക് കഴിയാതെ വന്നതിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും അഖിലേഷ് ആരോപിച്ചു.

രാജ്യം മുഴുവൻ വിലക്കയറ്റം കാരണം കഷ്ടപ്പെടുമ്പോഴും പണപ്പെരുപ്പം തടയാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാര്‍ ഒന്നും ചെയ്യുന്നില്ല. രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ കേന്ദ്ര സർക്കാർ മുട്ടുകുത്തിച്ചു. നിരവധി ബാങ്കുകള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News