സി.എ.എ: പ്രതിഷേധവുമായി ഡൽഹി ജാമിഅ മില്ലിയ വിദ്യാർഥികൾ, അടിച്ചമർത്താൻ​ പൊലീസ്

2019-2020ലെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ജാമിഅ

Update: 2024-03-12 11:28 GMT

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളുടെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയതി​ന് പിന്നാലെ ഡൽഹി ജാമിഅ മില്ലിയ ഇസ്‍ലാമിയ കാമ്പസിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികളാണ് പ​ങ്കെടുത്തത്.

സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി. എം.എസ്.എഫ്, എൻ.എസ്‌.യു.ഐ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഭരണഘടനാ വിരുദ്ധമായ സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് എൻ.എസ്‌.യു.ഐ ജാമിയ മില്ലിയ ഇസ്ലാമിയ യൂനിറ്റ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡൻറ് എൻ.എസ്. അബ്ദുൽ ഹമീദും വൈസ് പ്രസിഡന്റ് ദിബ്യ ജ്യോതി ത്രിപാഠിയും ചേർന്ന് ഭരണഘടനയുടെ ആമുഖം വായിച്ചു.

Advertising
Advertising

അതേസമയം, പ്രതിഷേധത്തെ അടിച്ചമർത്താൻ കനത്ത ​പൊലീസ് സുരക്ഷയാണ് കാമ്പസിൽ ഒരുക്കിയിരിക്കുന്നത്. കാമ്പസിന് പുറത്ത് കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കാമ്പസിൽ ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭം ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് ജാമിയ ആക്ടിങ് വൈസ് ചാൻസലർ ഇഖ്ബാൽ ഹുസൈനും വ്യക്തമാക്കി. സി.എ.എക്കെതിരായ യാതൊരു പ്രതിഷേധവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർവകലാശാലയിലും പൊലീസ് പ്രതിഷേധക്കാർക്ക് ​നേരെ നടപടി സ്വീകരിക്കുന്നുണ്ട്. നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലും അധികൃതർ പ്രതിഷേധങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

2019-2020ലെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ജാമിഅ മില്ലിയ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസ് വ്യാപക ആക്രമണമാണ് കാമ്പസിൽ അഴിച്ചുവിട്ടത്. നിരവധി വിദ്യാർഥികൾക്ക് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News