Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഒരാളെ പാകിസ്താനി എന്നും മിയാന്‍-ടിയാന്‍ (സാറേ-യുവാവേ) എന്നും വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്താനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലെ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവിറക്കിയത്. ജാർഖണ്ഡിലെ ഉറുദു വിവർത്തകനും ആക്ടിങ് ക്ലാർക്കുമായ വ്യക്തിയാണ് പരാതി നൽകിയത്. വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ പ്രതി തന്നെ തന്റെ മതം പരാമര്‍ശിച്ച് അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം ബലംപ്രയോഗിച്ച് തടസപ്പെടുത്തിയെന്നുമായിരുന്നു പരാതി.
സെക്ഷന്‍ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് പരാതിക്കാരന് അനുകൂലമായ ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
പാകിസ്താനി എന്നും മിയാന്‍-ടിയാന്‍ എന്നും വിളിക്കുന്നത് മോശമാണ്. എന്നാല്‍ നിയമപ്രകാരം മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സെക്ഷന്‍ 353 അനുസരിച്ച് ബലപ്രയോഗം നടത്തിയതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.