ബോണറ്റിലേക്കുവീണ എഴുപതുകാരനുമായി കാറോടിച്ചത് എട്ടുകിലോമീറ്റർ; ഒടുവിൽ അതേ വാഹനത്തിനടിയില്‍പ്പെട്ട് ദാരുണാന്ത്യം

വണ്ടി നിർത്തണമെന്ന് നിലവിളിച്ചുകൊണ്ട് ശങ്കര്‍ വൈപ്പറിൽ അത്രയും നേരം പിടിച്ചുനിന്നു

Update: 2023-01-22 08:31 GMT
Editor : ലിസി. പി | By : Web Desk

പട്ന: 70 കാരനെ കാറിന്റെ ബോണട്ടിലിട്ട് എട്ടുകിലോമീറ്റർ വാഹനമോടിച്ചു. ഒടുവിൽ അതേ കാറിനടിയിൽ കുടുങ്ങി വയോധികൻ കൊല്ലപ്പെട്ടു. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27ലാണ് സംഭവം. ബംഗ്ര ഗ്രാമത്തിൽ താമസിക്കുന്ന 70 കാരനായ ശങ്കർ ചൗധറാണ് കൊല്ലപ്പെട്ടത്.

സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ശങ്കർ ചൗധൂർ ബംഗ്ര ചൗക്കിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിൽ വന്ന കാർ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശങ്കർ കാറിന്റെ ബോണറ്റിൽ തെറിച്ചുവീണു. വീഴാതിരിക്കാൻ അദ്ദേഹം വൈപ്പറിൽ പറ്റിപ്പിടിച്ചു. കാർ നിർത്തണമെന്ന് അയാൾ നിലവിളിച്ചു. കണ്ടുനിന്നവരും കാർ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കാർ അതേ വേഗതയിൽ തന്നെ ഓടിച്ചുകൊണ്ടിരുന്നുവെന്ന് സമീപത്തുള്ളവർ പറഞ്ഞു. ഒടുവിൽ കോട്വയിലെ കദം ചൗക്കിന് സമീപം എത്തിയപ്പോള്‍ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ശങ്കർ ചൗധൂർ കാറിനു മുന്നിൽ വീഴുകയും കാർ ദേഹത്ത് കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് നിന്ന് കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്നും എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എൻഎച്ച് 27ലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതായി കോട്വ പൊലീസ് സ്റ്റേഷൻ മേധാവി അനൂജ് കുമാർ പറഞ്ഞു. കാറിന്‍റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

അതേസമയം, സമാന രീതിയിലുള്ള അപകടങ്ങൾ രാജ്യത്ത് അടുത്തിടെ വർധിച്ചു വരികയാണ്. ഡൽഹിയിൽ പുതുവത്സര ദിനത്തിൽ 20 വയസുള്ള യുവതി ഇത്തരത്തിൽ ദാരുണമായി മരണപ്പെട്ടത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News