ജാതി സെന്‍സസ് നടത്തണം; 50 ശതമാനം സംവരണ പരിധി റദ്ദാക്കണമെന്നും ലാലു പ്രസാദ് യാദവ്

ആദ്യമായി ജാതി സെന്‍സസ് എന്ന ആവശ്യമുന്നയിച്ചത് ഞാനാണ്. ജാതി സെന്‍സസ് എന്ന ആവശ്യം ആദ്യമായി പാര്‍ലിമെന്റില്‍ ഉന്നയിച്ചതും ഞാനാണ്-ലാലു പറഞ്ഞു.

Update: 2021-09-22 13:49 GMT

രാജ്യത്ത് ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ പകുതിയിലധികമാണെങ്കില്‍ 50 ശതമാനം സംവരണപരിധി എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാട്‌നയില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ട്രെയ്‌നിങ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ മോചിതനായ ശേഷം ചികിത്സക്കായി ഡല്‍ഹിയില്‍ തുടരുന്ന ലാലു ഓണ്‍ലൈനായാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ആദ്യമായി ജാതി സെന്‍സസ് എന്ന ആവശ്യമുന്നയിച്ചത് ഞാനാണ്. ജാതി സെന്‍സസ് എന്ന ആവശ്യം ആദ്യമായി പാര്‍ലിമെന്റില്‍ ഉന്നയിച്ചതും ഞാനാണ്-ലാലു പറഞ്ഞു.

Advertising
Advertising

എസ്.സി, എസ്.ടി ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും വികസനമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ഇപ്പോഴും തീരുമാനിക്കുന്നത്. ജാതി തിരിച്ചുള്ള ഒരു പുതിയ ജനസംഖ്യാ കണക്കെടുപ്പ് നിലവില്‍ അനിവാര്യമാണ്-ലാലു ചൂണ്ടിക്കാട്ടി.

നിലവിലുള്ള സംവരണ ക്വാട്ട അപര്യാപ്തമാണ്. ഇതുപോലും അപൂര്‍വ്വമായാണ് നികത്തപ്പെടുന്നത്. ഇതിന്റെ ഫലമായി വലിയ തോതില്‍ ബാക്ക്‌ലോഗ് രൂപപ്പെട്ടിട്ടുണ്ട്. ഇത് നികത്താന്‍ ഒരു പുതിയ ജാതി സെന്‍സസ് നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം. അത് 50 ശതമാനം സംവരണപരിധി മറികടക്കുകയാണെങ്കില്‍ ആ നിയന്ത്രണം എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News