'മത വിദ്വേഷമുണ്ടാക്കുന്നു'; 45 യൂട്യൂബ് വീഡിയോകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം

രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകൾ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.

Update: 2022-09-26 17:21 GMT
Advertising

ന്യൂഡൽഹി: മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി വ്യാജവാർത്തകളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 45 യൂട്യൂബ് വീഡിയോകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. 10 ചാനലുകളിൽ നിന്നുള്ള വീഡിയോകൾക്കാണ് കേന്ദ്രം പൂട്ടിട്ടത്.

ഇത്തരം വീഡിയോകൾ രാജ്യത്ത് സാമുദായിക ദ്രുവീകരണം ഉണ്ടാക്കാനും പൊതുക്രമം തകർക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകൾ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. ബ്ലോക്ക് ചെയ്‌ത വീഡിയോകളുടെ മൊത്തം കാഴ്‌ചകളുടെ എണ്ണം 1.3 കോടി കവിഞ്ഞിരുന്നു.

ബ്ലോക്ക് ചെയ്ത ചില വീഡിയോകൾ അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, കാശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരുന്നു എന്ന് മന്ത്രാലയം പറയുന്നു. അവ തെറ്റായ ഉള്ളടക്കം നിറഞ്ഞതും ദേശീയ സുരക്ഷയേയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തേയും ബാധിക്കുന്നതുമാണെന്ന് വ്യക്തമായെന്നും സർക്കാർ പറയുന്നു.

ഇവയിൽ 13 എണ്ണം ലൈവ് ടിവി എന്ന ചാനലിൽ നിന്നുള്ളതാണ്. ഇൻക്വിലാബ് ലൈവ്, ദേശ് ഇന്ത്യ ലൈവ് എന്നിവയിൽ നിന്നും ആറെണ്ണം വീതം, ഹിന്ദ് വോയ്സിൽ നിന്ന് ഒമ്പതെണ്ണം, ഗെറ്റ്സെറ്റ് ഫ്ലൈ ഫാക്ട് , 4 പിഎം എന്നിവയിൽ നിന്നും രണ്ടെണ്ണം വീതം, മിസ്റ്റർ റിയാക്ഷൻ വാലയിൽ നിന്നും നാലണ്ണം, നാഷനൽ അദ്ദ, ദ്രുവ് രാതേ, വിനയ് പ്രതാപ് സിങ് ഭോപർ എന്നിവയിൽ നിന്നും ഒരെണ്ണം വീതവുമാണ് നിരോധിച്ചത്.

"രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയിൽ ഈ ചാനലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിദേശ സംസ്ഥാനങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന് ഹാനികരമാണെന്നും കണ്ടെത്തി. ഭാവിയിൽ ഇത്തരം ചാനലുകൾക്കെതിരായ നടപടികൾ തുടരും"- ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാ​ഗ് സിങ് താക്കൂർ പറഞ്ഞു.

ചില വീഡിയോകളിൽ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്തായാണ് കാണിക്കുന്നതെന്നും ഐടി റൂൾസ്-2001 പ്രകാരമാണ് 45 വീഡിയോകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News