'പിതാവിനെ സമാധാനത്തോടെ കഴിയാൻ അനുവദിക്കണം, മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്'; സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയോട് ആർഡിഒ
ചൈത്രയും മാതാവും ചേർന്ന് തന്റെ സ്വത്തുക്കൾ തട്ടിയെടുത്തെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പിതാവ് ബാലകൃഷ്ണ നായികിന്റെ പരാതി
മംഗളൂരു: പിതാവിനെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കരുതെന്നും സ്വന്തം വീട്ടിൽ ഭയമില്ലാതെ സമാധാനപരമായി താമസിക്കാൻ അനുവദിക്കണമെന്നും സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയോട് കുന്താപുരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്. കുന്താപുരം താലൂക്കിൽ ചിക്കൻസാൽ റോഡിലെ ബാലകൃഷ്ണ നായികാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം സംരക്ഷണം തേടി പരാതി നൽകിയത്.
ഭാര്യയും മകൾ ചൈത്രയും വീടിന്റെ രേഖകൾ അവരുടെ പേരിലേക്ക് മാറ്റാൻ സമ്മർദം ചെലുത്തിയതായി ബാലകൃഷ്ണ നായിക് ഹരജിയിൽ പറഞ്ഞു. വിസമ്മതിച്ചപ്പോൾ ചൈത്രയും കൂട്ടാളികളും ചേർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജീവാപായം ഭയന്ന് മംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്ക് ചേർന്ന താൻ ഇടക്കിടെ മൂത്ത മകളെ കാണാൻ എത്താറുണ്ട്. ചൈത്രയും അമ്മയും സ്വന്തം വീട്ടിൽ കയറുന്നത് തടയുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
ബാലകൃഷ്ണ നായിക്കിനെതിരെ ചൈത്ര പൊതുജനമധ്യത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും തുടർന്ന് കുന്താപുരം പൊലീസ് സ്റ്റേഷനിൽ ചൈത്ര പരാതി നൽകിയെന്നും ഹരജിയിലുണ്ട്. വീട്ടിൽ താമസിക്കാൻ അനുവാദം നൽകണമെന്നും ചൈത്രയിൽ നിന്ന് തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ബന്ധപ്പെട്ട സ്വത്തിൽ നിന്ന് ലഭിക്കുന്ന വാടക വരുമാനം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബിസിനസുകാരനിൽ നിന്ന് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ പ്രതിയാണ് ചൈത്ര. ഗോവിന്ദ് ബാബു പൂജാരി എന്ന ബിസിനസുകാരന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് ഉറപ്പാക്കാമെന്ന വാഗ്ദാനം ചെയ്ത് അഞ്ച് കോടി തട്ടിയെടുത്തു എന്നാണ് കേസ്. സംഘ്പരിവാർ വേദികളിൽ വിദ്വേഷം പടർത്തുന്ന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയായ നേതാവാണ് ഇവർ. മുസ്ലിംകളെ മതപരിവർത്തനം ചെയ്യിച്ച് കുങ്കുമം ചാർത്തിക്കാൻ ഹിന്ദുക്കൾക്ക് കരുത്തുണ്ടെന്ന ചൈത്രയുടെ പ്രസംഗം വലിയ വിവാദമായിരുന്നു.