''ചതിച്ചു, അപമാനിക്കപ്പെട്ടു''; ഡൽഹിയിലെ വസതിയിൽ നിന്ന് ഒഴിപ്പിച്ചതിനെക്കുറിച്ച് ചിരാഗ് പാസ്വാൻ

രാമഭഗവാനായ മോദിയുടെ ഹനുമാനാണ് താനെന്ന് നേരത്തെ ചിരാഗ് പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ചിരാഗ് തയ്യാറായില്ല.

Update: 2022-04-05 15:57 GMT

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ബംഗ്ലാവിൽനിന്ന് രാംവിലാസ് പാസ്വാന്റെ കുടുംബത്തെ ഒഴിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മകൻ ചിരാഗ് പാസ്വാൻ. കുടുംബത്തെ അപമാനിച്ച് എടുത്തെറിയുകയായിരുന്നു എന്ന് ചിരാഗ് പറഞ്ഞു. ഇത് വഞ്ചനയാണെന്നും അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജനപഥിലെ ബംഗ്ലാവ് ഒഴിയാനിരിക്കുകയായിരുന്നു തങ്ങൾ. രാംവിലാസ് പാസ്വാന്റെ വിയോഗ ശേഷം ഇക്കാര്യം താൻ തീരുമാനിച്ചിരുന്നു. സർക്കാർ വസതികൾ ഒരിക്കലും സ്ഥിരമാകില്ലെന്ന് അറിയാം. അച്ഛൻ താമസിച്ച ബംഗ്ലാവിൽ അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ഇത്രയും കാലം ഇവിടെ താമസിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദീർഘകാലം പിതാവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയ വീടാണിത്. പാർട്ടിയുടെ ജന്മസ്ഥലം കൂടിയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടിയേറ്റ ജോലിക്കാരുടെ അവസ്ഥ പിതാവ് മനസിലാക്കിയത് ഈ വിട്ടിൽവച്ചാണ്. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നു.

Advertising
Advertising

വീട് നഷ്ടമാകുന്നതിൽ തനിക്ക് സങ്കടമില്ല. ഏതെങ്കിലും ഒരു ദിവസം വീട് നഷ്ടമാകുമെന്ന് അറിയാം. എന്നാൽ ഉദ്യോഗസ്ഥർ കുടുംബത്തെ ഒഴിപ്പിച്ച രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. മാർച്ച് 20നാണ് ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. തൊട്ടുമുമ്പുള്ള ദിവസം ഒഴിയണമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ സാധിച്ചില്ല. അവർ പിതാവിന്റെ ഫോട്ടോ വലിച്ചെറിഞ്ഞു. തങ്ങൾ വലിയ പ്രാധാന്യത്തോടെ കണ്ട ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയ്ക്ക് മുകളിൽ അവർ ചെരിപ്പിട്ട് ചവിട്ടി. ബംഗ്ലാവിലെ കിടക്കയിലും ചെരിപ്പിട്ട് കയറി. ഇത് അപമാനിക്കുന്നതിന് തുല്യമാണ്. തന്റെ ഓർമകളെയാണ് സർക്കാർ അപമാനിച്ചതെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

രാമഭഗവാനായ മോദിയുടെ ഹനുമാനാണ് താനെന്ന് നേരത്തെ ചിരാഗ് പറഞ്ഞിരുന്നു. ഇപ്പോഴും അങ്ങനെ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ചിരാഗ് തയ്യാറായില്ല. കഴിഞ്ഞ ഒന്നര വർഷമായി താൻ തന്റേതായ വഴിയിലാണ്. പരസ്പര ബഹുമാനമില്ലാതെ ഇനി സഖ്യ ചർച്ചയില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച എൽജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അമ്മാവൻ പശുപതി പരസ് എൽജെപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. ''അവർ ആദ്യം എന്റെ കുടുംബത്തെ വിഭജിച്ചു. പിന്നീട് എന്റെ പാർട്ടിയിൽ നിന്ന് എന്നെ പുറത്താക്കി. ഇപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി. ഞാൻ കടുവയുടെ മകനാണ്. ബിഹാറിന് വേണ്ടി ഇനിയും പ്രവർത്തിക്കും''- ചിരാഗ് പാസ്വാൻ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News