'വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ കോൺഗ്രസ് ഇന്ത്യയെ വിഭജിച്ച് രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളുണ്ടാക്കി'; വിദ്വേഷം നിര്‍ത്താതെ മോദി

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കു ഭരണഘടന നൽകിയ സംവരണം തട്ടിയെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് നൽകാനാണു നീക്കം നടക്കുന്നതെന്നും നരേന്ദ്ര മോദി

Update: 2024-05-24 10:46 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രചാരണവും ഹിന്ദുത്വ പ്രചാരണവും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 'രാമ രാമ' എന്നു വിളിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് മോദി ആരോപിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെ വിഭജിച്ച് രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളുണ്ടാക്കിയവരാണ് കോൺഗ്രസെന്നും ബാക്കി സ്വത്തുക്കളുടെ പ്രാഥമികാവകാശം മുസ്‌ലിംകൾക്കാണെന്നാണ് ഇപ്പോൾ ഇൻഡ്യ സഖ്യം പറയുന്നതെന്നും മോദി ആരോപിച്ചു.

ഹരിയാനയിലെ മഹേന്ദ്രഗഢിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ കടന്നാക്രമണം. അടുത്ത അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഇൻഡ്യ സഖ്യം സംസാരിക്കുന്നതെന്നും മോദി ആരോപിച്ചു. പശു പാലു ചുരുത്തുംമുൻപ് തന്നെ സഖ്യത്തിൽ നെയ്യിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചു കഴിഞ്ഞെന്നും മോദി വിമർശിച്ചു.

കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷത്തിനിടെ ബംഗാൾ സർക്കാർ മുസ്‌ലിംകൾക്കു നൽകിയ ഒ.ബി.സി സർട്ടിഫിക്കറ്റ് കൽക്കട്ട കോടതി റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോടതിവിധി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല. ബംഗാളിൽ സംഭവിച്ചതെന്താണ്? രായ്ക്കുരാമാനമാണ് അവർ മുസ്‌ലിംകൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകിയത്. ഒ.ബി.സിക്കാരുടെ സംവരണം എടുത്ത് മുസ്‌ലിംകൾക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകിയിരിക്കുകയാണ് അവർ. കോടതി ഉണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ ദലിത്, ആദിവാസി സഹോദരങ്ങൾ എന്തു ചെയ്യുമായിരുന്നു? ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നാണ് മമത പറഞ്ഞത്. ഒ.ബി.സി സംവരണം മുസ്‌ലിംകൾക്കു നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. താൻ ജീവിച്ചിരിപ്പുള്ള കാലത്തോളം ദലിത്, ആദിവാസി സംവരണം തട്ടിപ്പറിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

''ഇൻഡ്യ മുന്നണി സ്വജനപക്ഷപാത, വർഗീയ, ജാതീയ സഖ്യമാണ്. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ രാമക്ഷേത്ര നിർമാണം അനുവദിച്ചില്ല. ഹരിയാനയിൽ എല്ലാവരും 'രാമ രാമ' എന്നു വിളിക്കുന്നവരാണ്. ഓരോ പത്തടി വയ്ക്കുമ്പോഴും ആളുകൾ 'രാമ രാമ' എന്നു പറയും. എന്നാൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ അങ്ങനെ പറയുന്നവരെ അവർ അറസ്റ്റ് ചെയ്യും.''

ഈ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തിന്റെ ഭാവി കൂടിയാണ് നിങ്ങൾ തീരുമാനിക്കുന്നതെന്നും റാലിയിൽ മോദി പറഞ്ഞു. ഒരുവശത്ത് 'സേവകനാ'യ മോദിയെ നിങ്ങൾ പരീക്ഷിച്ചു കഴിഞ്ഞതാണ്. മറുവശത്ത് ആരാണു വരാൻ പോകുന്നതെന്ന് അറിയില്ല. അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രി എന്ന ചർച്ചയാണ് ഇൻഡ്യ സഖ്യത്തിൽ നടക്കുന്നത്. ഒരു രാജ്യം ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഇൻഡ്യ സഖ്യത്തിനും കോൺഗ്രസിനും രാജ്യത്ത് അവരുടെ വോട്ട് ബാങ്കുണ്ടെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി രാജ്യത്തെ വിഭജിച്ച് രണ്ടു മുസ്‌ലിം രാഷ്ട്രങ്ങളുണ്ടാക്കിയവരാണ് കോൺഗ്രസ്. ഇപ്പോൾ ബാക്കി സ്വത്തുക്കളുടെയെല്ലാം പ്രാഥമികാവകാശം മുസ്‌ലിംകൾക്കാണെന്നാണ് ഇൻഡ്യ സഖ്യം പറയുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കു ഭരണഘടന നൽകിയ സംവരണം തട്ടിയെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് നൽകാനാണു നീക്കം നടക്കുന്നതെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളെല്ലാം ആവർത്തിച്ചു പ്രസംഗത്തിൽ നരേന്ദ്ര മോദി.

ബിവാനി-മഹേന്ദ്രഗഢിൽ ബി.ജെ.പി സ്ഥാനാർഥി ധരംബിർ സിങ്ങിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. പത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. മേയ് 25ന് ആറാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

Summary: ''Congress divided the country and two Muslim nations were carved out for its vote bank'': Alleges PM Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News