‘മോദി-അദാനി’ മുഖം മൂടികൾ ധരിച്ച് കോൺഗ്രസ് എംപിമാർ, അഭിമുഖം നടത്തി രാഹുൽ ഗാന്ധി; അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം

തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല

Update: 2024-12-09 12:14 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വ്യവസായി ഗൗതം അദാനിയുടെയും മുഖം മൂടികൾ ധരിച്ച്, പരിഹാസരൂപേണയുള്ള അഭിമുഖം നടത്തി കോൺഗ്രസിന്റെ പ്രതിഷേധം. അദാനി വിഷയത്തിൽ ഇൻഡ്യാ സഖ്യം പാർലമെന്റിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് കോൺഗ്രസ് അഭിമുഖം നടത്തിയത്. മുഖം മൂടിയിട്ട എംപിമാരുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹാസ രൂപേണ അഭിമുഖം നടത്തുകയായിരുന്നു.

പാർലമെന്റ് കെട്ടിടത്തിലെ മകര ദ്വാറിന് പുറത്തായിരുന്നു പ്രതിഷേധം. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെ എംപിമാരും ചേർന്നാണ് അഭിമുഖം അവതരിപ്പിച്ചത്. "മോദി, അദാനി ഏക് ഹേ", " ഞങ്ങൾക്ക് നീതി വേണം" തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധത്തിനിടെ ഉയർത്തിയിരുന്നു.

Advertising
Advertising

എന്തുകൊണ്ടാണ് പാർലമെൻ്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്ന് അദാനിയുടെ മുഖം മൂടിയിട്ട എംപിയോട് രാഹുൽ ചോദിച്ചു. "ഞങ്ങൾക്ക് അമിത് ഭായിയോട് ചോദിക്കണം... അദ്ദേഹത്തെ കാണാനില്ല" എന്നായിരുന്നു എംപി നൽകിയ മറുപടി. എന്താണ് നിങ്ങൾ തമ്മിലുള്ള ബന്ധം എന്ന ചോദ്യത്തിന് "ഞങ്ങൾ ഒരുമിച്ചാണ്" എന്നാണ് മറുപടി നൽകിയത്.

"ഞാൻ പറയുന്നതും ആഗ്രഹിക്കുന്നതും അദ്ദേഹം ചെയ്യുന്നു... അത് എയർപോർട്ടോ മറ്റെന്തെങ്കിലുമോ ആകട്ടെ" എന്ന് അദാനി മാസ്ക് ധരിച്ച എംപി പറഞ്ഞു. എന്തുകൊണ്ടാണ് മോദി മിണ്ടാതിരിക്കുന്നത് എന്ന ചോദ്യത്തിന്, "അദ്ദേഹം ഈയിടെയായി ടെൻഷനിലാണെന്ന്" അദാനി വേഷമിട്ട കോൺഗ്രസ് എംപി പറഞ്ഞത് ചിരിയുണർത്തി. അടുത്ത പ്ലാൻ എന്താണെന്നും,ഇനി എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചപ്പോൾ, "ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല, ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉണ്ട്" എന്നായിരുന്നു മറുപടി.

തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ, ഇൻഡ്യാ സഖ്യത്തിൽ പ്രശ്നങ്ങൾ ഇല്ലെന്നും എല്ലാം ശുഭമാണെന്നും എസ്പി നേതാവ് റാം ഗോപാൽ യാദവ് പറഞ്ഞു. ശീതകാല സമ്മേളനം ആരംഭിച്ചതു മുതൽ അദാനി വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News