വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; സഖ്യനീക്കമെന്ന് റിപ്പോർട്ട്
രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീൺ ചക്രവർത്തിയാണ് വിജയ്‌യെ കണ്ടത്
ചെന്നൈ: കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി ടിവികെ നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും നാല് മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം.
2026ലും ഡിഎംകെ സഖ്യം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യുമായി കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച. വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയ കാര്യം സ്ഥിരീകരിച്ച പ്രവീൺ ചക്രവർത്തി ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി വിലപേശൽ ശേഷി കൂട്ടാനും കൂടുതൽ മന്ത്രിസ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീക്കമെന്നാണ് റിപ്പോർട്ട്.