പിടിച്ചെടുക്കാനുറച്ച് കോണ്‍ഗ്രസ്; സോണിയ ഗാന്ധി ഇന്ന് കര്‍ണാടകയില്‍

അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പിൽ മേൽക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്

Update: 2023-05-06 01:48 GMT
Advertising

ബെംഗളൂരു: തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിച്ച കർണാടകയിൽ ഇന്ന് സോണിയ ഗാന്ധി പ്രചാരണത്തിനെത്തും. അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പിൽ മേൽക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയുമായി നടത്തുന്ന റോഡ് ഷോയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളിൽ തുടങ്ങി, ദേശീയ രാഷ്ട്രീയ വിഷയങ്ങളും, അഴിമതിയാരോപണങ്ങളും വിവാദങ്ങളും, നേതാക്കൾ തമ്മിലുള്ള വാക്പോരുകൊണ്ടും കർണാടക തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വാശിയേറിയതാണ്. മിക്ക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോൺഗ്രസ് ആദ്യഘട്ട പ്രചാരണത്തിൽ മേൽക്കൈ നേടിയപ്പോൾ, ദേശീയ നേതാക്കളെ ഇറക്കി, വിവാദ വിഷയങ്ങളിൽ ഊന്നി ബി.ജെ.പിയും, പ്രചാരണ ട്രാക്കിൽ ഒപ്പമെത്തി.

ഇനി അവസാന ലാപ്പിലേക്കാണ്, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആവേശകരമായ റാലികളിലൂടെയും പ്രസംഗത്തിലൂടെയും കർണാടകയുടെ ഗ്രാമങ്ങളിൽ വോട്ടുറപ്പിക്കുമ്പോൾ, സോണിയ ഗാന്ധിയുടെ വരവും കോൺഗ്രസിന് ഊർജമാവും. ഇന്ന് ഉച്ചയോടെ കർണാടകയിൽ എത്തുന്ന സോണിയാ ഗാന്ധി, വൈകിട്ട് ഹുബ്ബള്ളിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും. അനാരോഗ്യത്തെ തുടർന്ന് പഞ്ചാബ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ സോണിയ പ്രചാരണരംഗത്ത് ഉണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയുമായി ബംഗളൂരു നഗരത്തിൽ, റോഡ് ഷോ നടത്തും. 17 നിയമസഭാ മണ്ഡലങ്ങളുടെ യാത്ര ചെയ്യുന്ന മുപ്പത്തിയാറര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. എന്നാൽ റോഡ് ഷോ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ നഗരത്തിൽ നടത്തുന്ന നിയന്ത്രണങ്ങൾ ഏകാധിപത്യത്തിന്റെ ഭാഗമാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News