'ഒരു നിയമത്തിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരം മാറ്റാനാകില്ല'; ഏക സിവിൽകോഡിനെതിരെ എൻ.ഡി.എ ഘടകകക്ഷി

വൈവിധ്യങ്ങൾ കൊണ്ട് നിർവചിക്കപ്പെടുന്ന ഇന്ത്യ എന്ന ആശയത്തിനെതിരാണ് ഏക സിവിൽകോഡെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ

Update: 2023-07-02 15:12 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഏക സിവിൽകോഡിൽ കേന്ദ്ര സർക്കാരിനെതിരെ എൻ.ഡി.എ ഘടകകക്ഷി നാഷനൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി). വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും ഏക സിവിൽകോഡ് ഇന്ത്യ എന്ന ആശയത്തിനെതിരാണെന്നും എൻ.പി.പി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പ്രതികരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനതു സംസ്‌കാരം മാറ്റാൻ ഒരു നിയമത്തിനുമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈവിധ്യമാണ് എപ്പോഴും ഇന്ത്യയുടെ ശക്തി. എന്നാൽ, ഏക സിവിൽ കോഡ് കരടിൽ എന്താണുള്ളതെന്ന് അറിയില്ല. അതുകൊണ്ട് ഇപ്പോൾ തന്നെ തീരുമാനമെടുക്കാനാകില്ല. യഥാർത്ഥ കരടുരൂപം കാണാതെ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് ചർച്ച ചെയ്യലും ബുദ്ധിമുട്ടാണെന്നും കോൺറാഡ് സാങ്മ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

'നമ്മൾ ഒരു മാതൃദായക്രമം പിന്തുടരുന്ന സമൂഹമാണ്. അത് എപ്പോഴും നമ്മുടെ ശക്തിയും നമ്മുടെ സംസ്‌കാരത്തിൽ ഉൾചേർന്നിട്ടുള്ളതുമാണ്. നമ്മുടെ സാംസ്‌കാരികസ്വത്വം മാറ്റാനാകില്ല. മണ്ണിൽ വേരൂന്നിനിൽക്കുന്ന രാഷ്ട്രീയപാർട്ടിയെന്ന നിലയ്ക്ക് ഒരു നിയമത്തിനും മാറ്റാൻ കഴിയാത്ത തനത് സംസ്‌കാരമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേതെന്ന് നമ്മൾ തിരിച്ചറിയുന്നു. നമ്മുടെ സംസ്‌കാരം മാറ്റാൻ അനുവദിക്കില്ല.'

ഏക സിവിൽ കോഡ് കരടുനിയമത്തിലെ യഥാർത്ഥ പ്രയോഗങ്ങൾ അറിയേണ്ടതുണ്ട്. എന്തായാലും ഇത് ഇന്ത്യ എന്ന ആശയത്തിനെതിരാണ്. വൈവിധ്യങ്ങൾ കൊണ്ടാണ് ഈ രാജ്യം നിർവചിക്കപ്പെടുന്നത്. ഏക സിവിൽകോഡ് ഇന്ത്യ എന്ന ആശയത്തിനു ഭീഷണിയാണ്. ഈ വിഷയത്തിൽ ഇതാണ് പാർട്ടിയുടെ നിലപാടെന്നും കോൺറാഡ് സാങ്മ കൂട്ടിച്ചേർത്തു.

നേരത്തെ, ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതിയും ഏക സിവിൽകോഡിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ബി.എസ്.പി ഏക സിവിൽകോഡിനെതിരല്ലെന്നു പറഞ്ഞ അവർ ബി.ജെ.പി നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ലെന്നും അറിയിച്ചു.

'ഞങ്ങളുടെ പാർട്ടി ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെതിരല്ല. എന്നാൽ, രാജ്യത്ത് ബി.ജെ.പി അതു നടപ്പാക്കാൻ ശ്രമിക്കുന്ന രീതിയെ പിന്തുണയ്ക്കില്ല. വിഷയം രാഷ്ട്രീയവൽക്കരിച്ച് ബലംപ്രയോഗിച്ച് നിയമം രാജ്യത്ത് നടപ്പാക്കുന്നത് ശരിയല്ല.'-മായാവതി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

അതേസമയം, ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരെ അത് ഒന്നിപ്പിക്കും. ജനങ്ങൾക്കിടയിൽ സാഹോദര്യബോധം വളർത്തുകയും ചെയ്യും. ബലംപ്രയോഗിച്ച് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ശരിയല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

നേരത്തെ, ആം ആദ്മി പാർട്ടിയും ഏക സിവിൽകോഡിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഏക സിവിൽകോഡിനെ താത്വികമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് എ.എപി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പ്രതികരിച്ചത്. നിയമം നടപ്പാക്കുംമുൻപ് എല്ലാ മതനേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും സംഘടനകളുമായും ചർച്ച നടത്തി അഭിപ്രായസമന്വയമുണ്ടാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടിരുന്നു.

Summary: 'The Northeast has a unique culture that no law can change': NDA Ally NPP leader and Meghalaya CM Conrad Sangma oppose Uniform Civil Code

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News