അധ്യാപകനെ തീവ്രവാദിയായി മുദ്രകുത്തിയതിന് മാധ്യമങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി

ദേശീയ ടെലിവിഷൻ ചാനലുകളായ സീ ന്യൂസിനും ന്യൂസ് 18 ഇന്ത്യക്കുമെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജമ്മു കശ്മീരിലെ പൂഞ്ച് കോടതി ഉത്തരവിട്ടത്

Update: 2025-06-29 09:38 GMT

ജമ്മു കശ്മീർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നടന്ന സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിന്റെ കവറേജിനിടെ കശ്മീരിയായ ഇന്ത്യൻ അധ്യാപകനെ 'പാകിസ്താൻ തീവ്രവാദി' എന്ന് തെറ്റായി വർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ദേശീയ ടെലിവിഷൻ ചാനലുകളായ സീ ന്യൂസിനും ന്യൂസ് 18 ഇന്ത്യക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജമ്മു കശ്മീരിലെ പൂഞ്ച് കോടതി ശനിയാഴ്ച പൊലീസിനോട് ഉത്തരവിട്ടു. അഭിഭാഷകനായ ഷെയ്ഖ് മുഹമ്മദ് സലീം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഷെയ്ഖ് മുഹമ്മദ് സലീം vs. യുടി ഓഫ് ജമ്മു & കശ്മീർ എന്ന കേസിൽ സബ് ജഡ്ജിയും സ്പെഷ്യൽ മൊബൈൽ മജിസ്ട്രേറ്റുമായ ഷഫീഖ് അഹമ്മദ് ആണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

Advertising
Advertising

പൂഞ്ചിലെ ജാമിയ സിയ-ഉൽ-ഉലൂമിലെ അധ്യാപകനായിരുന്നു കൊല്ലപ്പെട്ട ഖാരി മുഹമ്മദ് ഇഖ്ബാൽ എന്ന് പരാതിയിൽ പറയുന്നു. മെയ് 7 ന് പാകിസ്താൻ ഷെല്ലാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്നാൽ ഓപ്പറേഷൻ സിന്ദൂരിന്റെ വാർത്തകളുടെ തത്സമയ സംപ്രേക്ഷണത്തിനിടെ രണ്ട് ചാനലുകളും മുഹമ്മദ് ഇഖ്ബാലിനെ '2019 ലെ പുൽവാമ ആക്രമണവുമായി ബന്ധമുള്ളതും പാകിസ്താൻ അധിനിവേശ കശ്മീരിൽ നിന്ന് പ്രവർത്തിക്കുന്നതുമായ കുപ്രസിദ്ധ തീവ്രവാദ കമാൻഡർ' എന്ന രീതിയിലാണ് വാർത്ത കൊടുത്തത്. മുഴുവൻ പേരും ഫോട്ടോയും ഉൾപ്പെടുത്തിയാണ് മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്. പിന്നീട് വിശദീകരണങ്ങൾ ലഭിച്ചതിനെത്തുടർന്ന് ചാനലുകൾ അത് പിൻവലിച്ചു. എന്നാൽ വാർത്ത അധ്യാപകന്റെ കുടുംബത്തിനും സമൂഹത്തിലെ പ്രശസ്തിക്കും ഗുരുതരവും പരിഹരിക്കാനാകാത്തതുമായ ദോഷം വരുത്തിയെന്ന് പരാതിക്കാരൻ വാദിച്ചു.

ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം ആരംഭിച്ചത് എന്നതിനാൽ പൂഞ്ച് കോടതിക്ക് അധികാരപരിധിയില്ലെന്ന് വാദം കേൾക്കുന്നതിനിടെ പൊലീസ് വാദിച്ചെങ്കിലും മാനനഷ്ടം പോലുള്ള കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ അനുഭവപ്പെടുന്നിടത്ത് അധികാരപരിധി അനുവദിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്)യിലെ സെക്ഷൻ 199 ഉദ്ധരിച്ച് കോടതി ഇത് തള്ളി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News