Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: മോൻത ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.
ഒഡീഷയിലെ തെക്കൻ ജില്ലകളിൽ നിന്ന് 3000 പേരെ ഒഴിപ്പിച്ചു. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. ടാറ്റാ നഗര്‍- എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി.
നാളെയും ട്രെയിനുകൾ ഓടില്ല. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്.
നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോൻത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍വ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.