മധ്യപ്രദേശിലെ പടക്ക നിർമാണശാല സ്‌ഫോടനം: മരണസംഖ്യ ഒമ്പതായി

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു

Update: 2024-02-06 15:26 GMT
Advertising

ന്യൂഡൽഹി: മധ്യപ്രദേശിലെ ഹർദയിലുള്ള പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പതായി. 60ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് മധ്യപ്രദേശിലെ ഹർദയിലെ ബൈരാഗഡ് ഗ്രാമത്തിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം ഉണ്ടായത്. ഇതിനു പിന്നാലെ നിരവധി തുടർ സ്‌ഫോടനങ്ങളും ഉണ്ടായി. സ്ഫോടനത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

സംഭവം നടക്കുമ്പോൾ 150 ഓളം തൊഴിലാളികൾ പടക്കശാലയിൽ ഉണ്ടായിരുന്നതായാണ് സൂചന. പരിക്കേറ്റതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ ഹോഷംഗബാദിലേയും ഭോപ്പാലിലേയും ആശുപത്രികളിലേക്ക് മാറ്റി. സമീപത്തെ അറുപതോളം വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു. സ്‌ഫോടത്തിൽ മധ്യപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News