40 മൃതദേഹങ്ങളിൽ പരിക്കില്ല; ബാലസോർ ട്രെയിൻ ദുരന്തത്തിനിടെ വൈദ്യുതാഘാതമേറ്റും മരണം

ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ സംഘം ഒഡിഷയിലെ ബാലസോറിൽ

Update: 2023-06-06 13:58 GMT
Advertising

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിനിടെ വൈദ്യുതാഘാതമേറ്റും മരണമുണ്ടായെന്നും നാൽപ്പതിലധികം മൃതദേഹങ്ങളിൽ പരിക്കില്ലെന്നും റെയിൽവേ പൊലീസ്. എഫ്‌ഐആറിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി തിരിച്ചറിയാൻ ഉള്ളത് 83 മൃതദേഹങ്ങളാണെന്നും മരണ സംഖ്യ 288 ആണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. 205 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.

അതിനിടെ, ട്രെയിൻ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ സംഘം ഒഡിഷയിലെ ബാലസോറിൽ എത്തി. അപകടം നടന്ന സ്ഥലത്തെ തെളിവുകൾ ശേഖരിക്കാനാണ് സിബിഐ സംഘം സന്ദർശിക്കുന്നത്. അപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. അട്ടിമറി സാധ്യത ഉണ്ടെന്നു ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട നിരവധി അജ്ഞാതർക്കെതിരെ റെയിൽവേ കേസ് എടുത്തു. റെയിൽവേ നിയമത്തിലെ 153, 154, 175 വകുപ്പുകൾ പ്രകാരമാണ് റെയിൽവേ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

നാലു ദിവസം മുമ്പാണ് ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ കൊല്ലപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡിഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി വിശദീകരിച്ചത്.





Full View


Deaths also occurred due to electrocution during the Balasore train accident

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News