ധോണിയുടേയും കോഹ്‌ലിയുടേയും മക്കൾക്കെതിരെ ലൈം​ഗികാധിക്ഷേപം; കേസെടുത്ത് ഡൽഹി പൊലീസ്

ഡൽഹി പൊലീസ് സൈബർ സെല്ലിനാണ് വനിതാ കമ്മീഷൻ അധ്യക്ഷ നോട്ടീസ് നൽകിയിരുന്നത്.

Update: 2023-01-16 11:15 GMT
Advertising

ന്യൂഡ‍ൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിങ് ധോണിയുടേയും വിരാട് കോഹ്‌ലിയുടേയും മക്കൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്. സോഷ്യൽമീഡിയകളിലൂടെ അശ്ലീല- ലൈം​ഗികാധിക്ഷേപ പരാമർശങ്ങൾ നടത്തിയ ആറ് അക്കൗണ്ടുകൾക്കെതിരെയാണ് കേസ്.

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാളിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കുറ്റക്കാർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നാവശ്യപ്പെട്ട് സ്വാതി മലിവാൾ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.

'ഞാൻ നോട്ടീസ് അയച്ച ശേഷം, ഡൽഹി പൊലീസ് ധോണിയുടേയും കോഹ്‌ലിയുടേയും മക്കൾക്കെതിരായ അശ്ലീല പരാമർശങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യും'- അവർ ട്വീറ്റ് ചെയ്തു.

ഡൽഹി പൊലീസ് സൈബർ സെല്ലിനാണ് വനിതാ കമ്മീഷൻ അധ്യക്ഷ നോട്ടീസ് നൽകിയിരുന്നത്. ട്വിറ്ററിലെ ഈ പോസ്റ്റുകൾ അശ്ലീലവും സ്ത്രീവിരുദ്ധവും കൊച്ചുകുട്ടികളേയും അവരുടെ അമ്മമാരെയും അങ്ങേയറ്റം അധിക്ഷേപിക്കുന്നവയുമാണെന്ന് ഡൽഹി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.

അധിക്ഷേപ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകളും വനിതാ കമ്മീഷൻ പൊലീസിന് അയച്ചിരുന്നു. അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും ട്വീറ്റുകളുടെ ഉള്ളടക്കത്തിന്റേയും അടിസ്ഥാനത്തിൽ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി (ഡി) പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തെയും ഇരു താരങ്ങളുടേയും മക്കൾക്കെതിരെ ബലാത്സം​ഗ ഭീഷണി വരെ ഉണ്ടായിരുന്നു. ഇതിൽ 2021 നവംബറിലും കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകിയിരുന്നു. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒരു വിഭാഗമാളുകൾ കോഹ്‌ലിയുടെ പിഞ്ചു കുഞ്ഞിനെ വരെ അധിക്ഷേപിക്കുന്ന നീക്കം ആരംഭിച്ചത്.

2020ൽ ധോണിയുടെ മകൾക്കെതിരായ സൈബർ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശിയായ 16കാരൻ പിടിയിലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈയുടെ തോൽവിക്ക് പിന്നാലെയായിരുന്നു അന്ന് ധോണിയുടെ മകൾക്കെതിരെ സൈബർ ഇടത്തിൽ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയർന്നത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News