ബജ്‌റംഗദളിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല; വിഭാഗീയപ്രവർത്തനം നടത്തുന്ന എല്ലാവർക്കുമെതിരെ നടപടിയുണ്ടാകും: പി. ചിദംബരം

കർണാടക ജനാധിപത്യവും ബഹുസ്വരതയും നിലനിൽക്കുന്ന സംസ്ഥാനമാകണോ അല്ലെങ്കിൽ അസഹിഷ്ണുതയുടെയും സ്വാർഥതയുടെയും നാടാകണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ചിദംബരം പറഞ്ഞു.

Update: 2023-05-07 09:46 GMT
Advertising

ന്യൂഡൽഹി: കർണാടകയിൽ ബജ്‌റംഗദളിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. വിദ്വേഷ പ്രചാരണം അടക്കം വിഭാഗീയപ്രവർത്തനം നടത്തുന്ന മുഴുവൻ സംഘടനകൾക്കുമെതിരെ നിയമപരമായ നടപടിയുണ്ടാവുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. ബജ്‌റംഗദൾ നിരോധിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ ദേശീയതലത്തിൽ തന്നെ സംഘ്പരിവാർ വലിയ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ വിശദീകരണം.

ബജ്‌റംഗദൾ പൊടുന്നനെ ബജ്‌റംഗ്ബലിയായി മാറിയതിന്റെ പിന്നിലെ മന്ത്രവിദ്യ എന്താണെന്ന് ബി.ജെ.പി വിശദീകരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. മെയ് 10-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ ബുദ്ധിപരമായി തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. കർണാടക ഒരു ലിബറൽ, ജനാധിപത്യ, ബഹുസ്വര സംസ്ഥാനമാകണോ അല്ലെങ്കിൽ ഭൂരിപക്ഷ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സ്വാർഥതയും അസഹിഷ്ണതയുമുള്ള ഒരു പിന്തിരിപ്പൻ സംസ്ഥാനമാകണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ചിദംബരം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജനാധിപത്യത്തിനും കർണാടകയുടെ ഭാവിക്കും വേണ്ടി ബി.ജെ.പിയുടെ വിജയം തടയുകയും ഇത് അയൽസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും വേണം. സമൂഹത്തെ വിഭജിക്കാനും സാമൂഹിക സംഘർഷം സൃഷ്ടിക്കാനുമുള്ള നീക്കമാണ് ഏക സിവിൽ കോഡും എൻ.ആർ.സിയും നടപ്പാക്കുമെന്ന വാഗ്ദാനത്തിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ചില വടക്കൻ സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം. കർണാടകയിലെ ജനങ്ങൾ ഇതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ബി.ജെ.പിയുടെ ഇത്തരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ തള്ളിക്കളയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ താരപ്രചാരകരിൽ ഒരാളാണ് ചിദംബരം. താൻ കർണാടകയിൽ സ്ഥിരതാമസക്കാരനല്ലാത്തതിനാൽ കോൺഗ്രസിന് എത്ര സീറ്റുകൾ ലഭിക്കുമെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഒരു വിശകലനം സാധ്യമല്ലെന്നും എന്നാൽ പി.സി.സി നേതാക്കൾ നൽക്കുന്ന റിപ്പോർട്ട് പ്രകാരം പാർട്ടി കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാണെന്നും ചിദംബരം പറഞ്ഞു.

കോൺഗ്രസ് തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ചിദംബരം പറഞ്ഞു. ''ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതൊന്നും അധിക്ഷേപമല്ല. മാത്രമല്ല, സോണിയാ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി തുടങ്ങിയവർക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ അധിക്ഷപങ്ങളുടെ കണക്കെടുത്ത് നോക്കണോ? അതൊക്കെ അർഥമില്ലാത്ത പണിയാണ്''-ചിദംബരം വ്യക്തമാക്കി.

224 അംഗം കർണാടക നിയമസഭയിലേക്ക് മെയ് 10-നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-നാണ് വോട്ടെണ്ണൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News