'ജന്മനാ കോണ്‍ഗ്രസുകാരന്‍,മരിക്കുന്നതും അങ്ങനെ തന്നെ'; ആര്‍എസ്എസ് ഗാനാലാപന വിവാദത്തില്‍ ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍

കർണാടക നിയമസഭയിലെ മൺസൂൺ സമ്മേളനത്തിനിടെയാണ് ശിവകുമാര്‍ 'നമസ്തേ സദാ വത്സലേ മാതൃഭൂമി' എന്ന ആർ‌എസ്‌എസ് ഗാനത്തിന്റെ ആദ്യത്തെ കുറച്ച് വരികള്‍ ചൊല്ലിയത്

Update: 2025-08-26 08:13 GMT
Editor : Lissy P | By : Web Desk

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർ‌എസ്‌എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ  ചോദിച്ച്  കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. താന്‍ ചെയ്തത്  കോൺഗ്രസ് നേതാക്കളെയോ പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി സഖ്യകക്ഷികളെയോ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

ബിജെപി ലക്ഷ്യം വെച്ച് താനൊരു തമാശക്കാണ് ആര്‍എസ്എസ് ഗാനം ആലപിച്ചതെന്നും എന്നാല്‍ ചിലരത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചിലരിതുവഴി പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ശ്രമിച്ചു. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്‍റെ പരാമര്‍ശങ്ങള്‍ സഹപ്രവര്‍ത്തകരെ വ്രണപ്പെടുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശിവകുമാര്‍ പറഞ്ഞു.ഞാന്‍ ചെയ്യാത്ത ഒരു തെറ്റ് ചെയ്തെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ക്ഷമ ചോദിക്കാന്‍ ഇപ്പോഴും തയ്യാറാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

'ഗാന്ധി കുടുംബത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. ഞാൻ ഒരു ജന്മനാ കോൺഗ്രസുകാരനാണ്. ഞാൻ ഒരു കോൺഗ്രസുകാരനായി മരിക്കും.പാർട്ടിക്ക് പുറത്തും തനിക്ക് ധാരാളം അനുയായികളും സുഹൃത്തുക്കളും ഉണ്ടെന്നും    ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും' ശിവകുമാർ പറഞ്ഞു.

"ഞാൻ ആരെക്കാളും വലുതല്ല, എല്ലാവർക്കും ശക്തി പകരാനാണ് എന്റെ ജീവിതം. എല്ലാവരുടെയും ബുദ്ധിമുട്ടുകളിൽ ഞാൻ കൂടെ നിന്നിട്ടുണ്ട്, ഇപ്പോഴും ഞാൻ അവർക്കൊപ്പം നിൽക്കുന്നു," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമായിരുന്നു കർണാടക നിയമസഭയിലെ മൺസൂൺ സമ്മേളനത്തിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ആർഎസ്എസ് ഗാനം ചൊല്ലിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേരുടെ മരണത്തിന് കാരണമായ സംഭവത്തെക്കുറിച്ച് കര്‍ണാടക നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ ഡി.കെ ശിവകുമാര്‍ 'നമസ്തേ സദാ വത്സലേ മാതൃഭൂമി' എന്ന ആർ‌എസ്‌എസ് ഗാനത്തിന്റെ ആദ്യത്തെ കുറച്ച് വരികള്‍ ചൊല്ലിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശിവകുമാറും കാരണക്കാരനാണെന്നും ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ ആർ‌സി‌ബി ടീമിനെ സ്വീകരിക്കാൻ ശിവകുമാർ പോയെന്നും വിമാനത്താവളത്തിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലുടനീളം ശിവകുമാറുണ്ടായിരുന്നുവെന്നും ബിജെപി നിയമസഭയില്‍ ആരോപിച്ചു. 

 ശിവകുമാര്‍ ഒരിക്കല്‍ ആര്‍എസ്എസ് വേഷം ധരിച്ചുവെന്ന പ്രതിപക്ഷ നേതാവ് ആർ. അശോക ശിവകുമാറിന്‍റെ പരാമര്‍ശത്തിന് മറുപടിയായാണ് ഡി.കെ ശിവകുമാര്‍ ആര്‍എസ്എസ് ഗാനം ആലപിച്ചത്. ബിജെപി എംഎല്‍എമാര്‍ ഡി.കെ ശിവകുമാര്‍ പാടുന്നതിനെ പ്രോത്സാഹിപ്പിച്ചു. 73 സെക്കന്‍റുള്ള വിഡിയോയും സോഷ്യല്‍ മീഡിയയിലും വൈറലായി.

 ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലും വ്യാപക ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.ശിവകുമാറിന്റെ നീക്കം കോൺഗ്രസ് ഹൈക്കമാൻഡിനെ ലക്ഷ്യം വച്ചുള്ള ഒരു നിഗൂഢ സന്ദേശമായിരിക്കാമെന്നും അതല്ല, സിദ്ധരാമയ്യയ്ക്കുള്ള നേരിട്ടുള്ള മുന്നറിയിപ്പാണോ എന്നും മുഖ്യമന്ത്രി കസേര ഉപേക്ഷിച്ചില്ലെങ്കിൽ താന്‍ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന സന്ദേശമാണോ ഇതെന്നുമുള്ള കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

 വിഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയതിന് ആര്‍ക്കുമുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള സന്ദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ജന്മനാ കോണ്‍ഗ്രസുകാരനാണെന്നും പക്ഷേ,എല്ലാ രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ എന്നിട്ടും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News